Dec 12, 2017

വെളിപാടുകള്‍ 2



നാളെ മലയാളം അസൈന്‍മെന്‍റ് വെക്കണ്ട ലാസ്റ്റ് ഡേ ആണല്ലോ. കേരള ബ്ലാസ്റ്റേഴ്സ് അഞ്ചു ഗോള്‍ കിട്ടി നിര്യാതരായ കളികണ്ടശേഷം അപ്പു ഓര്‍ത്തു.



ഓ, ഇനിയിപ്പം എന്നാ എഴുതാനാ! അതും “സ്ത്രീ പുരുഷ ബന്ധം കാലഘട്ടങ്ങളിലൂടെ” എന്നതാണ് വിഷയം. വല്ല 20-20 മാച്ചാരുന്നു തോറ്റതെങ്കില്‍ ചിയര്‍ ഗേള്‍സിന്റെ സ്വാധീനത്തെ കുറിച്ച് വച്ച് കാച്ചാരുന്നു. പുതിയ മലയാളം മാഷ് നമ്മുടെ ആളാണ്, ബ്രോ ആണ്. എന്ത് ചളി ആണേലും, തന്നെ എഴുതിയതാണേല്‍ നല്ല പ്രോത്സാഹനം ആണ്. അപ്പു ആശ്വസിച്ചു.


സ്ത്രീ പുരുഷ ബന്ധം കാലഘട്ടങ്ങളിലൂടെ എന്ന് പറയുമ്പോ ആദോം ഹവ്വായും വച്ച് തുടങ്ങിയാലോ? ദൈവം പുരുഷന്‍റെ വാരിയെല്ലില്‍ നിന്നും സ്ത്രീയെ ഒണ്ടാക്കി എന്നാണ് പഠിച്ചേക്കുന്നെ. ആദത്തിനു ഒരെല്ല് കൂടുതല്‍ ആരുന്നു, ദൈവം അതൂരി ഹവ്വാനെ സൃഷ്ടിച്ചു. ആ എക്സ്ട്രാ എല്ലിന്‍റെ ചോരത്തിളപ്പില്‍ ആദം പഴം പറിച്ചു തിന്നു. അങ്ങനെ ഹവ്വ ആദത്തിനെ കുഴീല്‍ ചാടിച്ചതോടെയാണ് സ്ത്രീ പുരുഷ ബന്ധം ആരംഭിച്ചത്. ‘ഇത്രേം നല്ല ഇന്ട്രോ വേറെ ആരേലും എഴുതുവോ!’ അപ്പുന് ആത്മാഭിമാനം തോന്നി.


ഇനിയെന്ത് എന്നോര്‍ത്തപ്പോ ആണ് അപ്പൂനു ബോധോദയം വന്നത്. ശ്രീ ബുദ്ധന്‍. ഭാര്യയെ ഉപേക്ഷിച്ചു നാടുവിട്ടപ്പോള്‍ ബോധോദയം കിട്ടിയ ബഡി. ബോധം കിട്ടാന്‍ ഭാര്യ പാര! സ്ത്രീ പുരുഷ ബന്ധത്തിലെ നാഴികക്കല്ലായി അപ്പു അത് രേഖപ്പെടുത്തി.


സ്ത്രീധനം, സതി തുടങ്ങിയ ടെക്നിക്കല്‍ ടേംസ് ആണ് സ്ത്രീ പുരുഷ ബന്ധത്തില്‍ ഇനി ഒള്ളത്. ഇതൊക്കെ എങ്ങനെ പറയാനാ. ‘എന്തിനും ഏതിനും കുറുക്കുവഴി കാണുന്ന ഭാരതീയ സമൂഹത്തില്‍, സ്ത്രീയെ സഹിക്കുന്നതിനു പെണ്ണുവീട്ടുകാര് കൊടുക്കുന്ന കൈക്കൂലിയാണ് സ്ത്രീധനം.’ നിര്‍വചനം ഒരു തരത്തില്‍ ഒപ്പിച്ചെടുത്തു. മരിച്ചാലും ഭാര്യേനെ സഹിച്ചോണം, അതിനൊള്ള സെറ്റപ്പ് ആണ് സതി. രാജാ റാം മോഹന്‍ റോയിക്ക് അപ്പു മനസ്സില്‍ നന്ദി പറഞ്ഞു.


ഇനി എന്നാ എഴുതും എന്നോര്‍ത്ത് ഇരിക്കുമ്പോളാണ്, അമ്മൂമ്മ സീരിയല്‍ കാണുന്ന ഒച്ച കേട്ടത്. ഓ, മഹാഭാരതം ആണ്. ഭീഷ്മപിതാമഹന്‍ അമ്പും കൊണ്ട് കിടക്കുന്നു. ഭീഷ്മര്‍ ആണ് നമ്മടെ മച്ചാന്‍. കലിപ്പന്‍. പെണ്ണേ വേണ്ടാന്ന് പറഞ്ഞ കട്ട കലിപ്പന്‍.


പക്ഷേ ഇതൊക്കെ കാണുമ്പോ ആണ് മഹാഭാരതം ഒരു ആക്ഷേപഹാസ്യം ആണെന്ന് അപ്പുന് തോന്നുന്നേ. കല്യാണത്തോട് പുറംതിരിഞ്ഞുനിന്ന പാര്‍ട്ടി, ആണുംപെണ്ണുംകെട്ട ആളുടെ അമ്പും പുറകില്‍കൊണ്ട് ദാണ്ടേ കിടക്കുന്നു. അത് പിന്നെ ശിഖണ്ടിയേം കുറ്റം പറയാന്‍ പറ്റൂല്ല. യുദ്ധം പറ്റില്ലാന്നു പറഞ്ഞു തിരിഞ്ഞു നിന്നപ്പോ ഓര്‍ക്കണാരുന്നു, മിനിമം ഹെല്‍മറ്റു വെക്കണാരുന്നു (സച്ചിന്‍ ഭായ് എത്ര പറഞ്ഞതാ!)  പിന്നെ നമ്മടെ ഡിങ്കനേം സുപ്പര്‍മാനേം പോലെ ചുവന്ന നിറത്തില്‍ അണ്ടര്‍ വേര്‍ ഇടണാരുന്നു. ശിഖണ്ടി പിന്നെ എങ്ങോട് അമ്പ് എയ്യാനാ! തന്റെ നിരീക്ഷണ പാടവത്തില്‍ അപ്പുന് മതിപ്പ് വര്‍ധിച്ചു.


ടോപ്പിക്കിലോട്ട് തിരിച്ചു വരാം. പെണ്ണു വേണ്ടാന്ന് പറഞ്ഞ കൊണ്ട് ഭീഷ്മപിതാമഹനു ഇഷ്ടമൊള്ള ടൈമില്‍ മരിക്കാന്‍ വരം കിട്ടി. അത് പിന്നെ അങ്ങനെ ആണല്ലോ. ഭീഷ്മപിതാമഹന്‍ കല്യാണം കഴിച്ചെന്നു കരുതുക. ഇന്നത്തെ കാലത്ത് ആണേല്‍, ചില്ലി റെഡ്ഡിന്‍റെ ലൈറ്റ് ഷേഡില്‍ ഒള്ള സാരി നോക്കി പോയ ഭാര്യയെ, ഷോപ്പിംഗ്‌ മാളില്‍ വെയ്റ്റ് ചെയ്തിരുന്നു പിതാമഹന്‍ സ്വച്ചന്ദമൃത്യു ആയേനേ. അപ്പു അസൈന്‍മെന്‍റ്  സംഗ്രഹിച്ചു.


* * * * * * * * * * *


“അപ്പൂനെ മാഷ് വിളിക്കുന്നു.” ക്ലാസ്സിലെ പഠിപ്പി അലീന വന്നു സന്തോഷവാര്‍ത്ത‍ അറിയിച്ചു.


മാഷിന്‍റെ കൈയ്യില്‍ തന്റെ അസൈന്‍മെന്‍റ് ആണ്. ഭാഗ്യം മാഷ്‌ ചിരിക്കുന്നുണ്ട്.


“അപ്പൂസേ, സംഗതി കൊള്ളാം, മലയാള ചളിയന്മാരുടെ ഇടയില്‍ നിന്‍റെ ഭാവി ഭാസുരമാണ്. പക്ഷേ ഞാന്‍ ഇവിടെ ടെമ്പററി ആണ്, ഇത് എച്ച്.ഒ.ഡി. എങ്ങാനും കണ്ടാല്‍ എന്റെ ഭാവി അത്ര ഭാസുരമായിരിക്കില്ല. ഇനിയിപ്പോ സമയം ഇല്ലല്ലോ, അപ്പൂസ് പോയി വേറെ ആരുടെ എങ്കിലും കോപ്പി അടിച്ചു കൊണ്ടുവാ. ഇത് നിന്‍റെ ഓര്‍മ്മക്കായി എൻ്റെ  കൈയ്യില്‍ ഇരിക്കട്ടെ”


അപ്പു തന്‍റെ ഭാസുരമായ ഭാവിയെ ഓര്‍ത്തു എല്ലാം ക്ഷമിച്ചു, അലീനക്ക് ഡയറി മില്‍ക്ക് ഫാമിലി പായ്ക്ക് മേടിച്ചു കൊടുത്തു, അവളതു ആര്‍ക്കും കൊടുക്കാതെ അണ്ണാക്കിലേക്ക് കുത്തിക്കേറ്റുന്നതു സഹിച്ചു, കാലഘട്ടങ്ങളിലൂടെ സ്ത്രീ പുരുഷനില്‍ നിന്ന് നേരിടുന്ന ചൂഷണങ്ങളെ കുറിച്ചെഴുതി സംഗ്രഹിച്ചു.


ശുഭം.

* * * * * * * * * * *


ഗുണപാഠം

1. സ്ത്രീധനം, ഡയറി മില്‍ക്ക് എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലും കൈക്കൂലി നിലനില്‍ക്കുന്നു.

2. റോഡില്‍ ആയാലും യുദ്ധത്തില്‍ ആയാലും ബൈക്ക്/കുതിര ഓടിക്കുമ്പോള്‍ മിനിമം ഹെല്‍മെറ്റ്‌ എങ്കിലും ധരിക്കുക. പുറം തിരിഞ്ഞു ഒരിക്കലും സ്റ്റണ്ട് നടത്തരുത്.

3.  ചുവപ്പ് നിറം ഡെയിഞ്ചര്‍ സൂചിപ്പിക്കുന്നു. 


No comments:

Post a Comment