Feb 8, 2014

കഞ്ഞിക്കലം








ആവളെ ആദ്യമായി കണ്ടപ്പോളേ പ്രണവ് ആ സത്യം മനസിലാക്കി.
‘ഇവള്‍തന്നെ തന്‍റെ ജീവിതസഖി... തന്‍റെ സ്വപ്നത്തിലെ പെണ്‍കുട്ടി...’ തന്‍റെ ക്ലാസ്സിലേ പുതിയ കൊച്ച്, സുന്ദരിക്കുട്ടി....

പക്ഷേ ഒരു ചെറിയ കുഴപ്പം മാത്രം. അവള്‍ ഈ സത്യം അറിഞ്ഞില്ല.... വേറെ ആരും അറിഞ്ഞില്ല....

ഈ സത്യമാകുന്ന വരികള്‍ക്ക് സംഗീതം നല്‍കി അവളെ പാടികേള്‍പ്പിക്കുവാന്‍ അവന്‍ കൊതിച്ചു.... പക്ഷേ സംഗതി ശരിയാകുമോന്നു ഡൌട്ട്.... വേറെ ആരേലും കേട്ടാലോ....

പ്രണയം അടുപ്പത്ത് ഇരിക്കുന്ന കഞ്ഞിക്കലം പോലെയാണ്. മൂട്ടിനു തീ പിടിച്ചു അകത്തു കിടന്നു തിളക്കുമ്പോള്‍ കഞ്ഞി തിളച്ചുചാടും, അമ്മച്ചി കാണും.... എത്ര മറക്കാന്‍ ശ്രമിച്ചാലും, യഥാര്‍ത്ഥ പ്രണയത്തിന്റെ കഞ്ഞി തിളച്ചു ചാടുന്നത്, ചില ചങ്ങായിമാര്‍ കാണും.

ജോസപ്പാണ് ആദ്യം ശ്രദ്ധിച്ചത്. അവന്‍ നല്ലവന്‍.... കഞ്ഞി വാങ്ങിവെക്കാന്‍ ശ്രമിച്ചില്ല.... തിളക്കട്ടേന്നു വിചാരിച്ചു.... അവന്‍റെ ഒരു നിരീക്ഷണ പാടവം ! ക്ലാസ്സില്‍, അവള്‍ എന്നേ ഇടക്കിടക്ക് നോക്കുന്നത്, അവന്‍ കാണിച്ചു തന്നു. സ്ഥിരം ജലദോഷക്കാരനായ ഞാന്‍ ചുമക്കുമ്പോള്‍, അവളും ചുമ്മാ ചുമക്കുന്നതായി പറഞ്ഞു. അതു വെറും ചുമയല്ല, ഒരു ശ്രദ്ധക്ഷണിക്കല്‍ പ്രമേയംതന്നെ എന്നവന്‍ ആണയിട്ടു.

ആ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം ഞാന്‍ സ്വീകരിച്ചു. ചുമകള്‍ ആവര്‍ത്തിച്ചു. ഒരു വികാര സാഗരംതന്നെ ആ ചുമകളിലൂടെ ഞങ്ങള്‍ കൈമാറി.... കഞ്ഞിക്കലത്തില്‍ പാച്ചോറ് പാകമായിക്കൊണ്ടിരുന്നു. മറ്റുകുട്ടികള്‍ എന്നേ ഒരു ക്ഷയരോഗിയായി കണക്കാക്കി.... മണ്ടന്മാര്‍ !

വീണ്ടും ജോസപ്പിന്‍റെ ഒരു നിരീക്ഷണ പാടവം ! എന്‍റെ കഞ്ഞിയിലെ പാറ്റാകള്‍ അവന്‍ കാണിച്ചുതന്നു.... സ്കൂള്‍ കഴിഞ്ഞു ബോയ്‌ ഫ്രണ്ടിന്‍റെ ബൈക്കില്‍ കറങ്ങുന്ന അവളെക്കണ്ട്, പ്രണവിന്‍റെ കഞ്ഞി മാത്രമല്ല, കഞ്ഞിക്കലവും കരിഞ്ഞു...

ശോകം.... പണ്ടു കഞ്ഞിവെക്കാന്‍ ശ്രമിച്ചു കലം കരിച്ചപ്പോള്‍ അമ്മച്ചി പറഞ്ഞ വരികള്‍ക്ക്, മനസ്സ് സംഗീതം നല്‍കി.... ‘പറ്റുന്ന പണിക്കു പോയാല്‍ പോരേ മോനേ’ !

ജീവിതം മടുത്തു.... മനസ്സ് കൈവിട്ടു പോകുന്നു....

കോപം.... ‘അവള്‍ക്കെതിരെ ഒരു കത്തെഴുതുക... വല്ല വിഷവും മേടിച്ചു കഴിക്കുക... അവളുടെ കഞ്ഞിക്കലവും മറിച്ചിടുക....’ പക്ഷേ പ്രതികാരാഗ്നി ആളിക്കത്തുന്നു.... ആ കഞ്ഞിക്കലം മറിഞ്ഞുവീഴുന്നത് തനിക്ക് ലൈവായി കാണണം.

പ്രണവ് ലക്ഷ്യമില്ലാതെ നടന്നു.... പക്ഷേ, ഒരു മെഡിക്കല്‍ സ്റ്റോറിന് മുന്നില്‍ എത്തിയപ്പോള്‍ പെട്ടന്നു നിന്നു.

‘ഇനി ഒരിക്കലും താന്‍ അവളുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം സ്വീകരിക്കില്ല.’ വികസ് ഗുളികകള്‍ വാങ്ങുമ്പോള്‍ അവന്‍ ഓര്‍ത്തു.


* * * * * * * * * * *

ഗുണപാഠം 1: വികസ് ഗുളിക കഴിക്കൂ, കിച്ച് കിച്ച് ആകറ്റൂ.

ഗുണപാഠം 2: ഇന്ന് പലപ്പോഴും, ശ്രദ്ധക്ഷണിക്കല്‍ പ്രമേയങ്ങള്‍ അനാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നു.

ഗുണപാഠം 3: കഞ്ഞിയില്‍ പാറ്റാ വീഴാതിരിക്കാനും, കലം കരിയാതെയിരിക്കാനും നിരീക്ഷണ പാടവം അനിവാര്യമാണ്.





No comments:

Post a Comment