Feb 16, 2014

പുതിയ ദമയന്തി




കുഞ്ഞു മനസ്സിലെ ആദ്യാനുരാഗം,
കള്ളങ്ങള്‍ ചേരാത്ത ദിവ്യാനുരാഗം
ആദ്യമായ് കണ്ടനാള്‍ മനസ്സില്‍, പതിഞ്ഞു
ഒരു കുഞ്ഞു പയ്യന്‍റെ രൂപം
പിന്നീട് രൂപങ്ങള്‍ മാറി, പയ്യന്‍
പൊടി മീശക്കാരനായി വളര്‍ന്നു
എന്‍ ഹൃത്തിലെ സ്നേഹം തുടര്‍ന്നു,
ആദ്യാനുരാഗം പൊടിപൊടിച്ചു

* * * * * * * * * * *

നിന്നെ ഓര്‍ത്തോര്‍ത്തു ഞാന്‍ ചിരിച്ചു,
അത് അമ്മച്ചി കാണാതൊളിച്ചു
പൂര്‍ണബോധത്തിലും ആര്‍ധമയക്കത്തിലും,
നീയുള്ള സ്വപ്‌നങ്ങള്‍ ഞാന്‍ നിറയെകണ്ടു
ഏതോ പേര് തുടരേ പറഞ്ഞുപോല്‍,
മുത്തശ്ശി എന്നേ വിളിച്ചുണര്‍ത്തി
മുത്തശ്ശി പിന്നീടതോര്‍ത്തില്ല,
മറവിരോഗം മഹാഭാഗ്യം

* * * * * * * * * * *

നീ എന്‍ചാരേ വരുമ്പോള്‍,
ഹൃത്തിന്‍ മച്ചകത്തു വാദ്യമേളം
വൈവയ്ക്കുപോലും ഇല്ലാത്ത പരിഭ്രമം,
എന്തോ എന്നേ ഗ്രസിച്ചിടുന്നു
നിന്‍ അസൈന്‍മെന്റുകള്‍ എന്‍റെയായ്,
വഴികാട്ടിയായ് ഞാന്‍, ഹോം വര്‍ക്ക്‌കള്‍ക്കും
അതിലൂടെ എന്‍ ഹൃത്തിലെ സ്നേഹവും, നീ
കണ്ടെന്നു ഞാന്‍ കരുതിയപ്പോള്‍
പകരമായ് തന്നു നീ മിഠായികള്‍, അവയുടെ
കൂടുകള്‍ ഡയറിയില്‍, ഞാന്‍ തിരുകി
മയില്‍പ്പീലികളോടൊപ്പം, എന്‍റെ
പ്രണയവും വളരുവാനായ്
പകരമായ് തന്നു നീ ചെറുചിരികള്‍,
തെളിഞ്ഞൂ, എവിടെയും അതു മാത്രം
ഡയറിയില്‍ വസന്തം വിരിഞ്ഞു, അത്
അനിയത്തി കാണാതെ ഞാനൊളിച്ചു

* * * * * * * * * * *

വസന്തം എങ്ങോ പോയ്‌മറഞ്ഞു,
പ്രണയത്തിന്‍ ഇലയും കൊഴിഞ്ഞു
നിന്നെ ഞാന്‍ ആദ്യമായ് വെറുത്തു, അല്ല
എന്നേ ഞാന്‍ കൂടുതല്‍ വെറുത്തു
മനസ്സിന്‍റെ ശാഖയില്‍ മൊട്ടിട്ട മോഹങ്ങള്‍,
ശാഖയോടെ തീയില്‍ വലിച്ചെറിഞ്ഞു
മാറി, വെറും ചാരമായ്, നിന്‍
പേരുള്ള എന്‍റെ ഡയറിത്താളുകളും
വളരുവാന്‍ കാത്തിരുന്ന, എന്‍റെ
പ്രണയവും, മയില്‍പ്പീലികളും

* * * * * * * * * * *

ഉണരുവാന്‍ ഞാന്‍ ശ്രമിച്ചു,
ഫീനിക്സായ് പറക്കാന്‍ കൊതിച്ചു
ചാരത്തില്‍ കിടന്നുരുളുന്ന, വെറും
പിടക്കോഴിയായ് ഒരുവേള തകര്‍ന്നു
ചില തീപ്പൊരികള്‍ അണയാതിരുന്നു,
മറവിയുണ്ടായിരുന്നെങ്കില്‍ മഹാഭാഗ്യം

* * * * * * * * * * *

മദ്യവും മയക്കും മരുന്നുമെന്നിങ്ങനെ,
മാര്‍ഗ്ഗമേറെയുണ്ട് ആണുങ്ങള്‍ക്ക്
പെണ്ണിന്‍റെ നൊമ്പരം തീര്‍ക്കുന്നോരുപായം,
ലോകത്തിനുണ്ടോ ഏകുവാനായ്!
നീറിയാല്‍ മാത്രം പോര അവള്‍ക്ക്,
നീറുന്നതാരും കാണാതെ നോക്കേണം
കണ്ടാല്‍ ചോദ്യമായ്, ശാസ്സനയായ്,
വഴിപിഴച്ചവള്‍ എന്ന പേരുദോഷവുമായ്

* * * * * * * * * * *

കാലം മായ്ക്കാത്ത മുറിവുകളില്ല, അവ-
യെത്ര ആഴത്തില്‍ ആണങ്കിലും
അണയാത്ത തീപ്പൊരികള്‍ എല്ലാമണഞ്ഞു,
കാലത്തിന്‍ ചെറു ചാറ്റല്‍ മഴയില്‍
ആ ചാരത്തില്‍ നിന്നുഞാന്‍ ഉയര്‍ത്തു,
പുതിയ വാനംതേടുന്ന ഫീനിക്സായ്
പരിഭവമേതുമില്ല, നന്ദി മാത്രം,
ഏകുന്നു സോദരാ നിനക്കിന്നു ഞാന്‍
മാറ്റിമറിച്ചുയെന്നേ നീ, അബലയാ-
മെന്നെ നീ സുബലയാക്കി
ഇനിയുമൊരുവനും ഏകുവാനാകില്ല, എനിക്കായ്
പുതിയ വാഗ്ദത്ത ഭൂമികള്‍
പ്രണയ മരീചികയില്‍ വീഴാതിരിക്കുവാന്‍,
ശക്തിയാര്‍ജ്ജിച്ച പുതിയ ദമയന്തി ഞാന്‍.



No comments:

Post a Comment