പ്രതിസന്ധികള്‍... അതു
എപ്പോഴുമുണ്ട്. പക്ഷേ, കുറുപ്പ് മാഷിന്‍റെ കണക്ക് അസ്സെയിന്‍മെന്‍റ് ചെയ്യാത്തത്
ആണ് ലോകത്തിലെ ഏറ്റവുംവലിയ പ്രതിസന്ധി.
അപ്പുവിന്‍റെ
അഭിപ്രായത്തില്‍ കണക്കു മുഴുവന്‍ ജിന്നുകള്‍ ആണ്. ജിന്നുകള്‍ പല രൂപത്തിലും
ഭാവത്തിലും ഉണ്ടെന്നു ചങ്ങായി ഷമീര്‍ പറയാറുണ്ട്. 1+1=2 എന്നു പഠിപ്പിക്കും.
എന്നിട്ടു പരീക്ഷക്കു (10*5)/(7-3)+(9*8) എന്നു
ചോദിച്ചുകളയും!
സംഖ്യകളില്‍
അപ്പുവിനു ഏറ്റവും ഇഷ്ടം പൂജ്യത്തോടാണ്. കണക്കിലെ ഏറ്റവും ശക്തി കൂടിയതും ശക്തി
കുറഞ്ഞതുമായ ജിന്നാണ് പൂജ്യം അഥവാ മൊട്ടജിന്ന്‍. (ചുമ്മാതല്ല ഇന്ത്യക്കാര്‍ പൂജ്യം
കണ്ടുപിടിച്ചത്.)
ഗുണിക്കുമ്പോള്‍
അവന്‍ ബാക്കി എല്ലാവരേയും അടിച്ചു ശരിയാക്കും. അവസാനം അവന്‍ മാത്രം അവശേഷിക്കും.
ക്ലാസ്സില്‍ പഞ്ചഗുസ്തിയില്‍ താന്‍ എല്ലാവരേയും തോല്‍പ്പിക്കും പോലെ!
പക്ഷേ,
കൂട്ടുന്നതില്‍ അവന്‍ പഞ്ച പാവം ആണ്. എല്ലാവര്‍ക്കും കീഴടങ്ങികൊടുക്കും.
പഠിത്തത്തില്‍ തന്നെ എല്ലാവരും തോല്‍പ്പിക്കുന്നത്‌പോലെ!
പരീക്ഷയില്‍
അപ്പുവിനു ഇഷ്ടംപോലെ മൊട്ട കിട്ടാറുണ്ട്. അതായിരിക്കും താന്‍ മൊട്ടജിന്നിനെ ഇഷ്ടപ്പെടാന്‍ കാരണം.
കൂട്ടലും
ഗുണിക്കലും, പൂജ്യം ഉണ്ടെങ്കില്‍ മാത്രമേ നടത്താവൂ, എന്നൊരു നിയമം കണക്കില്‍ വേണം.
എങ്കില്‍ കണക്ക് എല്ലാ കുട്ടികള്‍ക്കും എളുപ്പം ആയേനേ!
അപ്പു
അസ്സെയിന്‍മെന്‍റ് ചോദ്യങ്ങളിലൂടെ കണ്ണോടിച്ചു. മൊട്ടജിന്നുള്ള ഒരൊറ്റ
ചോദ്യംപോലും ഇല്ല!
കുറുപ്പ് മാഷ് പണ്ടേ
ദുഷ്ടനാണ്. തന്‍റെ ഇഷ്ടജിന്നിനു, ഒരിക്കലും വേണ്ടത്ര പരിഗണന നല്‍കാറില്ല. പൂജ്യംകൊണ്ട്
ഹരിക്കുന്ന കാര്യം ചോദിച്ചപ്പോള്‍ തന്നെ മാഷ് കണ്ണുരുട്ടി പേടിപ്പിച്ചത് അപ്പു
നന്നായി ഓര്‍ക്കുന്നുണ്ട്.
ഇന്ന് സ്കൂളില്‍
പോകതിരുന്നാലോ! വേണ്ട, അമ്മയോടു ചോദിച്ചാല്‍ ചൂലെടുത്ത് തല്ലാന്‍ വരും. ക്ലാസ്സില്‍
കയറാതെ ക്യാന്‍റീനില്‍ ഇരിക്കുന്നതാണ് എളുപ്പം. ‘അപ്പൂ, ഞാന്‍ ഇല്ലാത്ത അസ്സെയിന്‍മെന്‍റ്
ചെയ്യണ്ട!’ എന്നു മൊട്ടജിന്നു പറഞ്ഞപോലെ തോന്നി.
* * * * * * * * * * *
സ്കൂള്‍ ബസ്സില്‍
നിന്നിറങ്ങി ആരും കാണാതെ ക്യാന്‍റീനിലേക്ക് പോകുന്നതിനിടയാണ് അപ്പു അതു കണ്ടത്. പ്രണവ്
ക്ലാസ്സിലേക്ക് നടക്കാന്‍ കഷ്ടപ്പെടുന്നു. അവന്‍റെ ഒരു കാലിനു വയ്യ.
ക്രച്ചസ്സിന്റെ സഹായത്തോടെയാണ് എന്നും നടക്കുന്നത്. പക്ഷേ ക്ലാസ്സില്‍ ഏറ്റവും
നന്നായി പഠിക്കുന്ന കുട്ടിയാണ് പ്രണവ്.
ജോസുകുട്ടിയാണ് സാധാരണ അവനെ
നടക്കാന്‍ സഹായിക്കുന്നത്. ഇന്നവന്‍ വന്നില്ലന്നു തോന്നുന്നു.
അപ്പുവിനു
എന്തോ വല്ലായ്ക തോന്നി. അവന്‍ ഓടിച്ചെന്നു പ്രണവിനെ ക്ലാസ്സില്‍ എത്താന്‍ സഹായിച്ചു.
‘അപ്പു
പോവ്വാ? കണക്ക് അസ്സെയിന്‍മെന്‍റ്
ചെയ്തില്ലേ?’
‘ഇല്ലെടോ, ഞാന്‍ കുറുപ്പ്
മാഷ് കാണാതെ ക്യാന്‍റീനില്‍ ഇരിക്കാന്‍
പോവ്വാ.’ അപ്പു തിടുക്കത്തില്‍ മറുപടിനല്‍കി.
‘ജോസുകുട്ടി ഇന്നില്ലല്ലോ.
അവന്‍റെ അസ്സെയിന്‍മെന്‍റ് ഞാനാ ചെയ്യാറ്. അപ്പു വേണേല്‍ അതു എടുത്തോ.’ പ്രണവിന്‍റെ
സ്വരത്തില്‍ അതു പറഞ്ഞതു മൊട്ടജിന്ന്‍ ആണെന്ന് അപ്പുവിനു തോന്നി.
* * * * * * * * * * *
ഗുണപാഠം: മൊട്ടജിന്നിനു
ഒടുക്കത്തെ ശക്തിയാണ്. ഏതു കാര്യവും സാധിച്ചു തരും.
Moral: Make friends
and help them, before you need the same.
// Dedicated to the friend, who asked me to write a story for small children.
No comments:
Post a Comment