Mar 7, 2014

വെളിപാടുകള്‍





വെള്ളിയാഴ്ച്ച... അവസാന പീരിയഡ്... ഡ്രില്‍ ആരുന്നു... പക്ഷേ മഴ... കളിക്കാന്‍ പോകാന്‍ സമ്മതിക്കുനില്ല... അപ്പുവിനു മഴയോട് അരിശം തോന്നി.

“ദൈവത്തിന്റെ കണ്ണീരോ, സന്തോഷാശ്രുവോ ആണ് ഭൂമിയിലെ മഴ!.” വേദപാഠം ടീച്ചര്‍ പറയുന്നത് മൊത്തം കള്ളമാണ്. പിന്നേ, ഡ്രില്‍ പീരിയഡില്‍ അല്ലേ ദൈവത്തിനു കണ്ണീരു വരണെ!.

ഇന്നത്തെ മഴ കണ്ടാല്‍ കണ്ണീരല്ല, ദൈവം മൂത്രം ഒഴിക്കുന്നതാണ് മഴ എന്നു തോന്നിപ്പോകും. ദൈവം കക്കൂസ്സിനായി കുറേ നേരം ക്യൂവില്‍ ആരുന്ന മട്ടാണ്. അത്രക്ക് ശക്തമാണ് മഴ!.

ദൈവമൂത്രം ആണോ മഴ എന്നു ജോസഫിനോട് ചോദിക്കാന്‍ തോന്നുന്നു. അവനാണ് ക്ലാസ്സില്‍ പഠുത്തില്‍ ഒന്നാമന്‍. വേണ്ട, വര്‍ത്താനം പറഞ്ഞെന്നു പറഞ്ഞു അവന്‍ പേരെഴുതും. ക്ലാസ്സ്‌ ലീഡര്‍ കൂടെയാണ് അവന്‍. ശ്രേഷ്ഠ മലയാള ഭാഷയില്‍, തനിക്ക് ഇത്ര മ്ലേച്ചമായ വെളിപാട് ഉണ്ടായെന്നു, അവന്‍ കുറുപ്പ്‌ മാഷിനോട് പറയാനും ഇടയുണ്ട്.

ശരിക്കും തന്‍റെ വെളിപാട് അത്ര മ്ലേച്ചമൊന്നും അല്ല. ഒരു ഉറുമ്പിന്‍കൂടിനു മുകളില്‍ മൂത്രമൊഴിച്ചാല്‍, അതു ഉറുമ്പുകള്‍ക്ക് മഴയായി തോന്നുന്നു. അതുപോലെ ദൈവവും സാത്താന്മാരും നിരന്നു നിന്നു മുള്ളുന്നത് മനുഷ്യന് മഴയായി തോന്നുന്നു. എത്ര സിമ്പിള്‍!. നിരീക്ഷണ പാടവവും , സര്‍ഗ്ഗശേഷിയും ഉള്ളവരാണ് യഥാര്‍ത്ഥ പ്രതിഭകള്‍ എന്നു ഉഷ ടീച്ചര്‍ പറഞ്ഞതു എന്നേപറ്റി തന്നേ!. അപ്പുവിനു ആത്മാഭിമാനം തോന്നി.

ആകാശഗംഗ ആകുന്ന മൈതാനത്ത് ഭൂമിക്ക് ഒരു ചെറിയ പന്തിന്‍റെ വലുപ്പമേ ഉള്ളെന്നാണ് ജോഗ്രഫി ടീച്ചര്‍ പറഞ്ഞതു. അപ്പൊ, തന്‍റെ താരതമ്യം കിറുകൃത്യം. ദൈവം കക്കൂസ്സില്‍ കയറുന്നു, ലൈറ്റ് ഇടുന്നു, ഭൂമിയാകുന്ന ക്ലോസെറ്റ് ലക്ഷ്യമാക്കി മുള്ളുന്നു, ആശ്വാസത്തോടെ മൂളിപ്പാട്ടു പാടുന്നു. ഭൂമിയില്‍ മഴ പെയ്യുന്നു, ലൈറ്റ് മിന്നലാകുന്നു, പാട്ട് ഇടിമുഴക്കമായി കേക്കുന്നു. (ദൈവത്തിന്‍റെ ശബ്ദത്തിനു കുറഞ്ഞത്‌ ഇടിയുടെ മുഴക്കം കാണുല്ലോ.)

മഴവെള്ളം ശുദ്ധമാണ്‌ എന്നാണ് പറയാറ്. പക്ഷേങ്കില്‍, മൂത്രം ശുദ്ധം ആരിക്കുവോ!. ആര്‍ക്കറിയാം... ദൈവത്തിന്‍റെ അല്ലേ... ഗോമൂത്രം പവിത്രം എന്നു പറയാറുണ്ട്. അപ്പോഴല്ലേ ഇതു! ആരിക്കും. അപ്പുവിനു വീണ്ടും വെളിപാടുകള്‍ ഉണ്ടായി.

മേഘങ്ങള്‍ കൂട്ടിയിടിച്ചാണ് മഴ ഉണ്ടാകുന്നതെന്ന് പറയുന്നതേ തെറ്റാണു. മൂത്രം ഒഴിച്ചുകൊണ്ടിരിക്കുന്ന രണ്ടുപേര്‍ തമ്മില്‍ കൂട്ടിയിടിക്കില്ല എന്നതുതന്നെ കാരണം! രാഗിണി ടീച്ചറും മണ്ടിതന്നെ!.

വേനലില്‍ മഴക്കും, പെരുമഴക്കാലത്ത് മഴ കുറയാനും, മനുഷ്യര്‍ പ്രാര്‍ത്ഥിക്കുന്നത്‌ ശുദ്ധ പോഴത്തരമാണ്. ഉറുമ്പുംകൂട്ടില്‍ മുള്ളുമ്പോള്‍, ഉറുമ്പ് കണ്ണടച്ച്, കൈ കൂപ്പി, പ്രാര്‍ത്ഥിക്കുന്നുണ്ടോന്നു ആരും നോക്കാറില്ലല്ലോ!. അതുപോലെ, നിരന്നു നിന്നു മുള്ളുന്നതിനു ഇടയില്‍, ഇതൊക്കെ ശ്രദ്ധിക്കാന്‍, ദൈവത്തിനും ചെകുത്താന്മാര്‍ക്കും എവിടെ നേരം!. വേഗം ഫിനിഷ് ചെയ്യാനല്ലേ ആരായാലും നോക്കൂ!.

ബെല്ലിന്‍റെ ശബ്ദം... കൂട്ടുകാര്‍ പുറത്തേക്കു ഓടുന്നു... ആലിപ്പഴം പെയ്യുന്നു... പെറുക്കി തിന്നാന്‍ എല്ലാരും മത്സരിക്കുന്നു... അപ്പു മാത്രം വരാന്തയില്‍ നിന്നു, ദൈവത്തിന്‍റെ ഈ മൂത്രത്തില്‍ കല്ലിനു വേണ്ടിയുള്ള മത്സരം കണ്ടു ചിരിച്ചു.

* * * * * * * * * * *

ഗുണപാഠം 1: പലതിനെക്കുറിച്ചും നമുക്ക് ഇപ്പോഴുള്ള ധാരണകള്‍ തികച്ചും തെറ്റാണ്.

ഗുണപാഠം 2: മഴ നനയാതെ സൂക്ഷിക്കുക, പ്രത്യേകിച്ചും വര്‍ണ്ണ മഴകള്‍.


Moral : Think before you eat.

No comments:

Post a Comment