Oct 12, 2014

വെള്ളാന








പൂരങ്ങളുടെ... അതേ, പൂരങ്ങളുടെ നാട്ടിലെ ഒരു കൊച്ചുഗ്രാമത്തില്‍, ഒരു കൊച്ചുവെളുപ്പാന്‍ കാലത്ത് ഒരു കൊച്ചൊണ്ടായി.
ഒരു ആണ്‍തരിക്കായി കാത്തിരുന്ന ലക്ഷ്മണ്‍, ബിന്ദു ദമ്പതികള്‍ക്ക് ഒരു പെണ്‍തരി.


പക്ഷേ ലക്ഷ്മണ്‍ ചേട്ടന്‍ ആരാ മോന്‍. ആണ്‍കൊച്ചിന് ഇടാന്‍ വെച്ച പേരുതന്നെ പെണ്‍കൊച്ചിനിട്ടു. വിഷ്ണു.


* * * * * * * * * * *


കൊച്ചു വിഷ്ണു ഒരു കൊച്ചു സംഭവം ആരുന്നു, ഒരു കൊച്ചു കാന്താരി. വ്യത്യസ്തമായി ചിന്തിക്കുക, സംശയങ്ങള്‍ ചോദിക്കുക, അതിനനുസരിച്ച് പ്രവര്‍ത്തിക്കുക. ഇതാരുന്നു ഓക്കടെ ഹോബി.


ലക്ഷ്മണ്‍ ചേട്ടന്‍ ഒരു സാധു ആരുന്നു, പരമ ഭക്തന്‍. വിഷ്ണുസ്തുതി കേട്ടാണ് കൊച്ചു വിഷ്ണു വളര്‍ന്നത്‌. പക്ഷേങ്കി വിഷ്ണു പിന്നെ, എല്ലാ മതങ്ങളിലേയും എല്ലാ ദൈവങ്ങളോടും കമ്പനിയായി. കൂട്ടത്തില്‍ യേശുദേവന്‍റെ ഒരു പഞ്ച്ഡയലോഗ് ആര്‍ന്നു വിഷ്ണുനു ഏറ്റവുമിഷ്ടം. “മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അപ്രകാരം നിങ്ങള്‍ അവരോടും പെരുമാറുക.” അഞ്ചാം ക്ലാസ്സിലെ ടീച്ചറായ സിസ്റ്റര്‍ ത്രേസ്സ്യയുടെ മലയാളം ബൈബിളിലാണ്, ഈ ഡയലോഗ് കണ്ടത്.


ക്ലാസ്സിലെ ഏറ്റവും സുന്ദരനായ ജോസപ്പിനു, ഒരുമ്മ കൊടുത്താണ് വിഷ്ണു ഡയലോഗ് പരീക്ഷിച്ചത്. പണി പാളി. മേടിച്ച സാധനം തിരിച്ചു തരാതെ, ഒരു ഞുള്ള് തന്നിട്ട് ആ ചെക്കന്‍ വലിയവായിലെ കാറി. സിസ്റ്ററിന്‍റെ കൈയിന്നു, ചന്തിക്ക് രണ്ടടിയും കിട്ടി.


കൊച്ചു വിഷ്ണുനു നൊന്തു. മനസ്സിനാണ്‌ കൂടുതല്‍ നൊമ്പരം. കരഞ്ഞു... എന്തൂട്ടാണോ പറ്റിയത്... ഡയലോഗ് എന്താണോ വര്‍ക്കാവാതെ പോയേ... കൊച്ചു മിടുക്കി ആലോചിച്ചു, കാരണങ്ങളും കണ്ടുപിടിച്ചു.


ഡയലോഗ് പറഞ്ഞപ്പോ യേശുദേവന്‍, നക്ഷത്രമിട്ടു ‘കണ്ടീഷന്‍സ് അപ്ലൈ’ പറഞ്ഞുകാണും. അതു ഈ മലയാളം ബൈബിളില്‍ എങ്ങനെ ചേര്‍ക്കാന്‍! എന്തൂട്ടാ വേറെ കാരണം... വിഷ്ണു പിന്നെയും ചിന്തിച്ചു.
പുടികിട്ടി... ജോസപ്പും കന്ന്യാസ്ത്രീം ബൈബിള് വായിച്ചിട്ട് കാണൂല്ല... അതിനാ കൂടുതല്‍ ചാന്‍സ്... പുത്തന്‍ പോലെ അല്ലേ അതിരുന്നേ!...



* * * * * * * * * * *


വര്‍ഷങ്ങള്‍, ചീനിയിലെ കാന്താരിപോലെ വളര്‍ന്നു. കൊച്ചു കാന്താരിയുടെ സംശയങ്ങളും വളര്‍ന്നു. ബിന്ദുവമ്മ, ഉത്തരം അറിയാത്ത ഓരോ ചോദ്യങ്ങള്‍ക്കും ഓരോ ബോണ്ട വീതം നല്‍കി, കാന്താരിയുടെ വായടപ്പിച്ചു.


അങ്ങനെ, കാന്താരി ബോണ്ടകളെ സ്നേഹിച്ചു. സംശയങ്ങള്‍ നിര്‍ബാധം തുടര്‍ന്നു. നമ്മുടെ പെണ്തരി തരിയില്‍നിന്നും ഒരു കരിയായി (ആനയായി) വളര്‍ന്നു, പൂരങ്ങളുടെ നാട്ടില്‍ ഒരു വെള്ളാനയെപ്പോലെ വണ്ണംവെച്ചു.



* * * * * * * * * * *


വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു... ഇന്ത്യ ചൊവ്വയിലേക്ക് മംഗല്യാന്‍ വിട്ടു... ചീനിയിലെ കാന്താരി പഴുത്തു... വിഷ്ണുനു കല്യാണാലോചനകള്‍ തുടങ്ങി.


ചീനിയിലെ കാന്താരിക്കായി ചൈനയില്‍നിന്നുവരെ ആലോചനകള്‍! ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സിന്‍റെ പരസ്യത്തില്‍ അഭിനയിച്ച സുമോഗുസ്തിക്കാരന്‍ ‘ഹ്വാങ് ഷു’ വിഷ്ണുവിനെ പ്രൊപ്പോസ് ചെയ്തു!!!


വിഷ്ണു സമ്മതിക്കുന്നില്ല. ഒറ്റ കണ്ടീഷന്‍ മാത്രം. തന്‍റെ വരന്‍ ചൊവ്വാഗ്രഹക്കാരന്‍ ആരിക്കണം! അതൊരു വലിയ അടിയായിപ്പോയി. ഹ്വാങ് ഷുവിനു മാത്രമല്ല, മൊത്തം ചൈനക്കും. 


ചൈന ഇതുവരെ ചൊവ്വയിലേക്ക് റോക്കറ്റ് വിട്ടിട്ടില്ല. ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ്സില്‍വരെ വാര്‍ത്തകള്‍....



ഹ്വാങ് ഷുവിനെ കയറ്റി റോക്കറ്റ് അയക്കണോ? പക്ഷേ, ഹ്വാങ് ഷുവിന്‍റെ ഭാരം താങ്ങുമോ!... ചൈനീസ്‌ ശാസ്ത്രഞ്ജന്‍മാര്‍ക്ക് ആശങ്ക.


ഇന്തോ-സിനോ നയതന്ത്ര ബന്ധം ഉലഞ്ഞു. ആനയും വ്യാളിയും പരസ്പരം ആക്രമിക്കുമോ?... പ്രശ്നം വൈറലായി. അതിര്‍ത്തിയില്‍ വെടിവെപ്പ്!


അനുരഞ്ജന ചര്‍ച്ചകള്‍.... ന്യൂഡല്‍ഹിയില്‍നിന്നും ലക്ഷ്മണ്‍ ചേട്ടന് കോളുകള്‍... വിഷ്ണുവിന് മേല്‍ ആഗോളതാപനം! സമ്മര്‍ദമേറി, ആഗോള തലത്തില്‍നിന്നുവരെ.... പക്ഷേ നമ്മുടെ കാന്താരി നിലപാടില്‍ ഉറച്ചുനിന്നു.



എന്തൂട്ടാ ഒരു പോംവഴി!!! ഐഎഫ്എസ്‌ ഉദ്യോഗസ്ഥര്‍ വിഷ്ണുവിന്‍റെ നിലപാടുകള്‍ കീറിമുറിച്ചു പരിശോധിച്ചു.


പണിക്കരെ വിളിച്ചു. ജാതകം നോക്കി. ആശ്വാസം... ഇലക്കും മുള്ളിനും കേടില്ലാത്ത ഒരു പരിഹാരം. വിഷ്ണുവും സമ്മതിച്ചു!!!



അങ്ങനെ കല്യാണം ഉറപ്പിച്ചു. ഇന്ത്യാ, ചൈനീസ്‌ നേതാക്കളും, മറ്റു ആഗോള നേതാക്കളും എത്തി. എല്ലാരുടെയും സാന്നിദ്ധ്യത്തില്‍, നമ്മുടെ കാന്താരി വിഷ്ണുവിന്‍റെയും, ‘ചൊവ്വാദോഷക്കാരനായ’  ഹ്വാങ് ഷുവിന്‍റെയും വിവാഹം, കെങ്കേമമായി നടന്നു. വരന്‍റെ ജാതകത്തില്‍ ചൊവ്വായുടെ അപഹാരം ഉണ്ടെന്നു കണ്ടെത്തിയ പണിക്കര്‍ക്ക്, ഒരു അന്താരാഷ്ട്ര പ്രതിസന്ധി ഒഴിവാക്കിയതിന്‍റെ പേരില്‍, സമാധാനത്തിനുള്ള നോബേല്‍ സമ്മാനവും  ലഭിച്ചു. 

ശുഭം.

* * * * * * * * * * *

ഗുണപാഠം : മലപോലെ വന്നത് എലിപോലെ പോയി.


Moral 1 : “ *conditions apply ” must be read always.


Moral 2 : Mr. Panikkar is the first astrologist to win Nobel Peace Prize.



* * * * * * * * * * *


Dedicated to my friend Vishnu :D




No comments:

Post a Comment