Oct 10, 2014

ഒരു ഗര്‍ഭത്തിന്‍റെ കഥ








പാക്കിസ്ഥാനിലെ സ്വാത്ത് താഴ്വരയിലൂടെ മന്ദം മന്ദം നടക്കുമ്പോ ആണ്, ഒരു സായിപ്പ് ചാടി വീണത്‌.
കോപ്പ്! മൂപ്പരൊരു കോപ്പാണെന്ന് തോന്നുന്നു. രഹസ്യാന്വേഷണം ആരിക്കും.


ഞാന്‍ ഒരു മലയാളി-കലാ-കൊലപാതകി ആണെന്നും, കൊലപാതകത്തിന് പറ്റിയ ലൊക്കേഷന്‍ തേടി വന്നതാന്നും പറഞ്ഞപ്പോ, മിസ്റ്റര്‍ കോപ്പന്‍റെ കണ്ണുകള്‍ വിടര്‍ന്നു. പക്ഷേങ്കി, കൂടുതല്‍ വിടര്‍ന്നത് എന്‍റെ കണ്ണുകളാണ്. പുള്ളി പച്ച മലയാളത്തില്‍ ഒരു ചോദ്യം: “ നിങ്ങളെന്താണ്‌ ബഡി, ഗ്രൗണ്ട്  വാട്ടറിന് ഭൂജലത്തിനു പകരം, ഭൂഗര്‍ഭജലം എന്നു പറയുന്നത്!”


സ്ഥലകാല ബന്ധമില്ലാത്ത ചോദ്യം! ഞാന്‍ എഞ്ചിനീയര്‍ ആണെന്നും, പോളിടെക്നിക് പഠിച്ചിട്ടില്ലെന്നും, ആ കൊപ്പന് അറിയുമോ! എങ്കിലും, “സായിപ്പേ, നിങ്ങള് ഞങ്ങടെ ഗര്‍ഭത്തില്‍ ഇടപെടണ്ടാ” എന്നു പറഞ്ഞു ഞാന്‍ തടിതപ്പി.


കാലം കൊഴിഞ്ഞു. സ്വാത്ത് താഴ്വര ശാന്തമായി. ഞാന്‍ തിരിച്ചു വന്നു. എങ്കിലും കോപ്പന്‍റെ ചോദ്യം മനസ്സിനെ മഥിച്ചു. കൊതുകുമൂളല്‍ പോലെ ആലോരസപ്പെടുത്തിക്കൊണ്ട് ഇരുന്നു.


ലൈറ്റ് ഓഫ്‌ ചെയ്തു, ഉറങ്ങാന്‍ കിടക്കുമ്പോള്‍ കേള്‍ക്കുന്ന കൊതുകിന്‍റെ മൂളല്‍. ലോകത്തിലെ ഏറ്റവും നശിച്ച നിമിഷങ്ങളില്‍ ഒന്നാണ്! എന്നാലാ ഭീരുവിന് വെട്ടമുള്ളപ്പോ നേരിട്ടു വന്നൂടേ! ഭീകരനാണവന്‍, ഒളിപ്പോരാളി! ചോര ചിതറിക്കാതെ അടങ്ങില്ല. ആ ശല്യം അവസാനിപ്പിച്ചേക്കാം എന്നു വെച്ചു.


ക്ലാസ്സിക്കല്‍ മലയാളത്തിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങുമ്പോള്‍, ഭൂഗര്‍ഭജലത്തിന്‍റെ ഗര്‍ഭകഥ പച്ചവെള്ളം പോലെ തെളിയും. തറവെള്ളത്തെ ഭൂഗര്‍ഭജലം എന്നുവിളിക്കാന്‍, മലയാളിയെ പ്രേരിപ്പിച്ച കാരണങ്ങള്‍ പലതാണ്.


പലത് #1: പൈതൃകത്തിന്‍റെ പേരില്‍, ഗര്‍ഭത്തെ ഹിത-അവിഹിത ഗര്‍ഭം എന്നു തിരിക്കാം. ജലവും അങ്ങനെതന്നെ. മഴവെള്ളം, ചെളിവെള്ളം, കണ്ണീരു, മൂത്രം എന്നിങ്ങനെ നാനാതരം പുരുഷകേസരികളില്‍ നിന്നും, ഭൂമി ഗര്‍ഭം ധരിച്ചാണ് ജലമുണ്ടാകുന്നത്. അതിനാല്‍ത്തന്നെ, ഇതു ഭൂജലമല്ല, ഭൂഗര്‍ഭജലമാണ്‌.


#2: ഓരോ ഗര്‍ഭവും ഓരോ അനിശ്ചിതാവസ്ഥയാണ്. നെടുവീര്‍പ്പെടലിന്‍റെ നിമിഷങ്ങള്‍... മരുന്നുകള്‍... ഒരേ ഗ്രൂപ്പിലെ രക്തതിനുള്ള ഓട്ടം... കുട്ടിക്ക് സുഖമാണോ... വെളുത്ത പേരന്‍സിനു കറുത്ത കുട്ടിയോ! കുട്ടി മാറിയോ എന്നിങ്ങനെയുള്ള ആശങ്കകള്‍.


ഭൂമിയുടെ ഗര്‍ഭത്തിലുമുണ്ട് ഈ അനിശ്ചിതാവസ്ഥ. കിണറിനു സ്ഥാനം മാറിപ്പോയോ എന്ന സംശയം... വെടിമരുന്നിനായുള്ള ഓട്ടം...വെള്ളം കിട്ടുമോ, ചെളിവെള്ളമാകുമോ എന്നിങ്ങനെയുള്ള ആശങ്കകള്‍.


കൂടാതെ (#3), ലോകത്തു അബോര്‍ഷന്‍ കൂടുതല്‍ നടക്കുന്ന, ദൈവത്തിന്‍റെ സ്വന്തം നാടാണ് കേരളം. ഭൂമിയുടെ ഗര്‍ഭത്തിലും നമുക്ക് ഈ ത്വര കാണാം. റോഡ്‌ സൈഡുകളില്‍, വായിനോക്കി നിക്കുന്ന, ശ്വാസം വിടാന്‍ കഷ്ടപെടുന്ന, എത്ര എത്ര കുഴല്‍കിണറുകള്‍. ഇതാരിക്കും കേരളം കുടുംബാസൂത്രണത്തിലൂടെ ഗര്‍ഭനിരോധനം പ്രോത്സാഹിപ്പിക്കുന്നെ....


അവസാനമായി (#4) ഗര്‍ഭസ്ഥശിശു ളേ, ളേ, ളേ എന്നു കരയുമ്പോ, ചില നദികള്‍, ചിലപ്പോ കളകളാരവം മുഴക്കി ഒഴുകുന്നു. കിണറ്റില്‍ ക്ളു, ക്ളു, ക്ളു എന്നു വെള്ളം ഇറ്റിറ്റു വീഴുന്നു.


ചുരുക്കത്തില്‍ സായിപ്പ് ഭൂഗര്‍ഭജലത്തിന്‍റെ പേര്, എര്‍ത്ത് പ്രെഗ്നന്‍റഡ് വാട്ടര്‍ എന്നു മാറ്റാന്‍ സമയമായി.


ഈ കൊലപാതകം ശുഭമായി അവസാനിപ്പിക്കണം എന്നുണ്ടാര്‍ന്നു. പക്ഷേങ്കി, ശിശുഹത്യക്ക് കേസ്സെടുക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നമുക്ക് കവിയോടൊപ്പം, ഭൂഗര്‍ഭജലശിശുവിന് താരാട്ട് പാടി പിരിയാം.


“ ഹാ ജലമേ, ആ ഗര്‍ഭത്തിലെത്ര ആഴ്ന്നു കിടന്നന്നു നീ...”


* * * * * * * * * * *


നിയമ പ്രകാരമുള്ള പിന്നറിയിപ്പ്: മിസ്റ്റര്‍ കോപ്പന്‍, ശ്രേഷ്ഠ മലയാള ഗര്‍ഭത്തെ തൊട്ടു കളിക്കല്ല്. അക്കളി, തീക്കളി, സൂക്ഷിച്ചോ.


ഗുണപാഠം 1: സായിപ്പിന് മലയാളം അറിയാം.


ഗുണപാഠം 2: സ്വാത്ത് താഴ്വര നല്ല ലൊക്കേഷന്‍ ആണ്.


ഗുണപാഠം 3: കൊതുകിനെ കൊല്ലരുത്. ചോരക്കളിയാണ്. നമ്മുടെ ചോര ചിതറിക്കുന്നതിലെ അതവസാനിക്കൂ.



No comments:

Post a Comment