Oct 2, 2014

പ്ലൂട്ടോ







കാത്തിരുപ്പ്... പയങ്കര പ്രയാസോള്ള ഒരു സങ്ങതിയാണു...
പ്രത്യേകിച്ചു യുപിഎസി പരീക്ഷാഫലം... 

പണ്ടാരം പാസ്സയോന്നു ടെന്‍ഷന്‍ അടിച്ചു, റിസള്‍ട്ടിനു മുന്നേ, സ്ട്രോക്ക് വന്നു തട്ടി പോകുന്ന, എത്ര യുവമിഥുനങ്ങള്‍ !. റിസള്‍ട്ട്‌ വന്നിട്ട് തട്ടി പോകുന്ന, എത്ര എത്ര യുവമിഥുനങ്ങള്‍ !!. റിസള്‍ട്ട്‌ വന്നിട്ട് തട്ടി പോകാതെ, വീണ്ടും ഒരു പണിയും ഇല്ലാതെ, അടിമപ്പഠിത്തം ചെയ്യുന്ന,  വികാര വിചാരങ്ങള്‍ നശിച്ച, മുടി കൊഴിഞ്ഞു പല്ല് പോയ, എത്ര എത്ര എത്ര വയോജനങ്ങള്‍ !!!.


ഈ ആബാലവൃദ്ധജനങ്ങളുടെ ഇടയില്‍ നമ്മുടെ കഥ നായകന്‍ ജോസൂട്ടി. ജോസൂട്ടി യുവമിഥുനം സ്ഥിതിയില്‍ നിന്നും വയോജനം സ്ഥിതിയിലേക്കുള്ള ഒരു ഇടവഴിയില്‍ ആണു. ആയതിനാല്‍ തന്നെ ടിയാന് കുറച്ചു വികാര വിചാരങ്ങള്‍ മിച്ചമുള്ളതായി അനുമാനിക്കാം.


ജോസൂട്ടിക്ക് ശങ്ക ആണ്. കാത്തിരുപ്പിന്‍റെ ശങ്ക. പ്രിലിംസ് പാസ്‌ ആകുമോ, മെയിന്സിനു പഠിക്കണമോ എന്നുള്ള ശങ്ക.


ശങ്കകള്‍, കൂലങ്കഷമായി ചിന്തിക്കാന്‍ വകനല്‍കുന്ന ഒരു സാധനം ആണു. ഭൂതത്തെ കുറിച്ചും ഭാവിയെ കുറിച്ചും ചിന്തിച്ചു, വര്‍ത്തമാനം കുളമാക്കാന്‍ പറ്റിയ, ഏറ്റവും നല്ല വഴിയാണ്, ശങ്ക. ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ ഉള്ളപ്പോള്‍, ഒരു കോപ്പും ചെയ്യണ്ട, എന്നു തീരുമാനിക്കാന്‍ സഹായിക്കുന്ന, ഉറ്റ സുഹൃത്താണ് ശങ്ക.


ശങ്കാവര്‍ണ്ണനം സ്റ്റോപ്പ്‌ഡ്!. ചുരുക്കിപ്പറഞ്ഞാല്‍, ജോസൂട്ടി ശങ്കയുടെ ചതി കുഴികളില്‍ വീണു.


ശങ്കകള്‍ മൂത്തപ്പോള്‍ ടിയാനെ, ഭൂതം ഭാവി വര്‍ത്തമാനങ്ങള്‍ മാടി മാടി വിളിച്ചു. ജ്യോതിഷം, കൈനോട്ടം, വായ്നോട്ടം, ഗൗളിശാസ്ത്രം (പല്ലിശാസ്ത്രം), മറുകുശാസ്ത്രം, യോഗസൂത്രം, കാമസൂത്രം ഇങ്ങനെ അനന്തമജ്ഞാതമവര്‍ണ്ണനീയത്തില്‍ ഏതു പരീക്ഷിക്കണം എന്നായി പിന്നെ ശങ്ക. കൂട്ടത്തില്‍ ന്യൂ ജനറേഷന്‍ ആയ മറുകുശാസ്ത്രത്തില്‍ ജോസൂട്ടി കൈവെച്ചു.


ശരീരത്തിലെ മറുകുകളുടെ സ്ഥാനം എല്ലാം അരിച്ചുപെറുക്കിയ ജോസൂട്ടിക്ക് ഒരു കാര്യം മനസ്സിലായി. താന്‍ ഒരു ഭാഗ്യവാനാണു. ഒമ്പത് മറുകാണ് മുഖത്തു. എല്ലാം നവഗ്രഹങ്ങളെ സൂചിപ്പിക്കുന്നു. ( പ്ലൂട്ടോയേ പുറത്താക്കും മുന്നേ, ഉണ്ടായതു കൊണ്ടാരിക്കും, ഒമ്പതെണ്ണം!)


നവഗ്രഹമറുകന്മാര്‍, നൂറ്റാണ്ടുകളില്‍ തന്നെ, അപൂര്‍വ്വമെന്നു മറുകുശാസ്ത്രം. (പല തലമുറകള്‍ കൂടി ഉണ്ടായ, ഒരു അപൂര്‍വ ഇനമാണ് താന്‍!!!! അമ്പട വീരാ!!!!!!) ഇങ്ങനെ ഉള്ളവര്‍ സ്ത്രീജനങ്ങളുടെ ആകര്‍ഷണ കേന്ദ്രമാണുപോലും!. ജോസൂട്ടി ആനന്ദപുളകിതനായി.


പലപ്പോളും ജോസൂട്ടിക്ക് തോന്നാറുണ്ട്, ലേഡീസിനു തന്നെ കാണുമ്പോള്‍, എന്തോ ഒരു ‘ഇതു’ ഒണ്ടെന്നു. ചുമ്മാതല്ല. ഇന്നലെക്കൂടി, കണ്ടിട്ടുപോലുമില്ലാത്ത ഒരു കൊച്ചു, ചിരിച്ചു കാണിച്ചു.


നേരം പോയി, രാവിലെ ഡോക്ടറെ കാണാന്‍ ഉള്ളതാണ്, അമ്മക്ക് മരുന്നു മേടിക്കാന്‍... നാശം, അലക്കിതേച്ച ഒരൊറ്റ ഷര്‍ട്ടില്ല... ഇന്നലെ ഇട്ട പിങ്ക് ഷര്‍ട്ടും ബ്ലാക്ക്‌ ജീന്‍സും തന്നെ എടുത്തിട്ടു... മറുക് ദൈവങ്ങള്‍ ഉള്ളത്കൊണ്ടു കുഴപ്പോല്ല... എല്ലാരും നോക്കിക്കൊള്ളും. ജോസൂട്ടി ഇറങ്ങി.


താന്‍ മറുകുശാസ്ത്രം വായിച്ചകൊണ്ടാണോ എന്നറിയില്ല... എല്ലാവരും തന്നെ നോക്കി ചിരിക്കുന്നതായി ജോസൂട്ടിക്ക് തോന്നി...


തിരിഞ്ഞു നോക്കി... ഇല്ല, പുറകില്‍ ആരുമില്ല... എല്ലാരും തന്നെ നോക്കി ആണ് ചിരിക്കുന്നത്... ജോസൂട്ടി തപ്പി നോക്കി... സിബ്ബ് ഇട്ടിട്ടുണ്ട് !!.. പിന്നെന്താ ചിരിക്കാന്‍... ഒരു സത്യം മനസ്സിലായി... മറുകുശാസ്ത്രം തികച്ചും ശരി ആണ്...  മറുകുദൈവങ്ങളെ നമഃ....


ഡോക്ടറുടെ വീടെത്തി. ചിരികള്‍ തുടരുന്നു... 

ജോസൂട്ടിക്ക് എന്തോ വല്ലായ്ക തോന്നി. സൗന്ദര്യം ശാപമാണോ!!! പല്ലില്ലാത്ത മോണകാട്ടി, ഒരു കെളവിത്തള്ള വരെ, ചിരിച്ചു കാട്ടുന്നു!. പല തലമുറകള്‍ കൂടി ഉണ്ടായ അപൂര്‍വ്വ മനുഷ്യന്‍ അല്ലേ ഞാന്‍, എല്ലാ തലമുറയില്‍ ഉള്ളവര്‍ക്കും കാണില്ലേ ആഗ്രഹങ്ങള്‍... ജോസൂട്ടി ക്ഷമിച്ചു.


ദേ, ഒരു അടിപൊളി കൊച്ചു വരുന്നു... അവളും തന്നെ നോക്കി ചിരിക്കുന്നു... ഉള്ളില്‍ പൊട്ടിയ ലഡ്ഡു, പുറത്തു കാട്ടാതിരിക്കാന്‍, ജോസൂട്ടി ഒരു പത്രം എടുത്തു വായിക്കുന്നതായ് ഭാവിച്ചു...


മലയാളത്തിലെ ഏതോ മാ-പത്രം ആണു... യുപിഎസിക്കു പഠിക്കുന്നതിനാല്‍ മാപത്രവായന നിര്‍ത്തിയിട്ടു കുറേ ആയി...


അവളുടെ ചിരിയുടെ അര്‍ത്ഥവും എല്ലാ ചിരികളുടെ അര്‍ത്ഥവും മനസ്സിലായി... അവളെ ഒളികണ്ണു ഇട്ടു നോക്കുന്നതിനിടെ, ജോസൂട്ടി പത്രത്തിലെ ഹെഡ്ഡിങ്ങ് ഇങ്ങനെ വായിച്ചു... “സ്വവര്‍ഗ്ഗാനുരാഗികള്‍ പിങ്ക് ഷര്‍ട്ട് ഇട്ടു, ഗവണ്മെന്‍റിനെതിരെ പ്രതിഷേധിക്കുക: അവകാശങ്ങൾ നേടും വരെ പോരാടുക”.



* * * * * * * * * * *


ഗുണപാഠം : യുപിഎസിക്കു പഠിച്ചാലും മാപത്രം മുടക്കരുത്.



No comments:

Post a Comment