Jan 17, 2014

പിന്തിരിപ്പന്‍ മൂരാച്ചി




ഗേള്‍ ഫ്രണ്ട് അഥവാ  പ്രണയിനിമാര്‍ കുഴിയാനകള്‍ പോലാണ്. പ്രണയം കുഴികളും .
 ഒരിക്കല്‍ കുഴിയില്‍ വീണാല്‍ രക്ഷപെടുക പ്രയാസം. രക്ഷപെടാന്‍ ശ്രമിക്കും തോറും വീണുകൊണ്ടേയിരിക്കും ! ചില കട്ടുറുമ്പുകള്‍ മാത്രം രക്ഷപെട്ടേക്കാം !.

ഈ കമ്പാരിസണ്‍ മലയാള സാഹിത്യത്തില്‍ പുത്തരിയല്ല. സ്വന്തം കുഴി തോണ്ടുക, സ്വര്‍ഗത്തിലെ കട്ടുറുമ്പു എന്നീ പ്രയോഗങ്ങളില്‍ നിന്നും ഇതു പകല്‍പോലെ വ്യക്തവും ശക്തവുമാണ് ! അതിനാല്‍ മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി കൊടുത്തത് തെറ്റാണെന്ന് പറയുന്ന മണ്ടശിരോമണികളോട് പോയി പണിനോക്കാനാണ് എനിക്കു പറയാനുള്ളത് !  നമ്മുടെ മൂത്ത വല്യപ്പൂപ്പ ആദം പോലും ഈ കുഴിയില്‍ വീണതാണ് , ഹല്ല പിന്നെ !!!

 * * * * * * * * * * *

കുഴിയാനകളെ കണ്ടുകിട്ടുക വളരെ പ്രയാസം. പക്ഷേങ്കി, ഒരെണ്ണത്തിനെ കണ്ടുകിട്ടിയാല്‍, ആ പ്രദേശത്തെ മുഴുവന്‍ കുഴിയാനകളും കുഴികളും നമ്മെ മാടി മാടി വിളിക്കുന്നത്‌ കാണാം. പ്രണയിനിമാരും അങ്ങനെ തന്നെ. നല്ല ഒരാളെ കിട്ടാന്‍ പ്രയാസം. എങ്ങാനും കിട്ടിയാല് പിന്നെ, അന്നോളം കണ്ണു കണ്ടിട്ടില്ലാത്തതും കാതു കേട്ടിട്ടില്ലാത്തതും ( etc  )  ആയ സൗന്ദര്യധാമങ്ങളെ എവിടെയും കാണുവാനും കേള്‍ക്കുവാനും ( etc ) സാധിക്കും.

* * * * * * * * * * *

ഒരു ഫെമിനിസ്റ്റ് വ്യൂ പോയിന്‍റില്‍ പറയുമ്പോള്‍ കുഴിയാനകളെപ്പോലെ തങ്ങളുടെ വികാരങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നവരാണ് പ്രണയിനിമാര്‍. കുഴിയാന അമറുന്നത് ആരും കേള്‍ക്കാറില്ല ( 20 ഡെസിബലില്‍ കുറവാരിക്കും ! ), മദംപൊട്ടി നടക്കുന്നത് ആരും കാണാറില്ല. പ്രണയത്തിന്റെ ആഴങ്ങള്‍ അറിയാന്‍ കുഴിയാന കുഴിയിലേക്ക് പോലെ ആഴത്തില്‍ ഇറങ്ങേണ്ടിയിരിക്കുന്നു. ( എങ്കിലേ കുഴിയില്‍ വീഴൂ ! ).


* * * * * * * * * * *

ഒരു ബിബ്ലിക്കല്‍ വ്യൂ പോയിന്‍റില്‍ പറയുമ്പോള്‍  “ മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങും ...” എന്ന വചനം ഈ കമ്പാരിസണ്‍ കോപ്പിയടിച്ചതാണ് എന്നുകാണാം.

* * * * * * * * * * *

 ഒരു ഇക്കണോമിസ്റ്റ്, പൊളിറ്റിക്കല്‍ വ്യൂ പോയിന്‍റില്‍ പറയുമ്പോള്‍ കുഴിയാന-തരൂമണികളോട്, തച്ചോളി ഒതേനനും മറ്റു കളരി പരമ്പര ദൈവങ്ങളും കടപ്പെട്ടിരിക്കുന്നതായി കാണാം. റോയല്‍റ്റി പോലും നല്‍കാതെയുള്ള ‘ പൂഴിക്കടകന്‍ സാങ്കേതികവിദ്യയുടെ’  ഉപയോഗം, ഇന്ത്യന്‍ പേറ്റന്റ് നിയമത്തിന്റെ നഗ്നനമായ ലംഘനമാണ്‌. !!! 

* * * * * * * * * * *

കുഴിയാനകള്‍ പിന്നോട്ട് നടക്കുന്നു. അതിനാല്‍ മാര്‍ക്സിസ്റ്റ്‌ ലാവണ്യശാസ്ത്രപ്രകാരം  , ഈ തരുണീമണികള്‍ പിന്തിരിപ്പന്‍ മൂരാച്ചികളാണ്.

പക്ഷേ ഒരു കലാകാരന്റെ വീക്ഷണത്തില്‍, ഈ തരുണീമണികളുടെ സഞ്ചാരം കാലത്തിനെതിരായി നീങ്ങാനുള്ള ആഹ്വാനമായി കാണാം. പ്രണയിക്കുന്നവരെ സൂക്ഷിച്ചു നിരീക്ഷിക്കൂ. അവര്‍ കൂടുതല്‍ സുന്ദരന്മാരും സുന്ദരികളും ആയി മാറുന്നതായി കാണാം. പ്രണയം ആവരുടെ പ്രായംപോലും കുറയ്ക്കുന്നു !!!

 അവസാനമായി ഒരു ആം ആദ്മിയുടെ വീക്ഷണം. ഒരു സാധാരണക്കാരന്‍ പല പ്രണയിനിമാരെ താരതമ്യം ചെയ്തു ഏറ്റവും മികച്ചവളെ സ്വീകരിക്കാന്‍ ശ്രമിക്കുന്നു. ഇതു കുഴിയാനകളുടെ ഓട്ടമത്സരം നടത്തുന്നതിനു തുല്യമാണ്. ആ പിന്തിരിപ്പന്‍ മൂരാച്ചികള്‍ പല വഴിക്ക് തിരിഞ്ഞോടും, ആവസാനം ആരും കാണില്ല മിച്ചം.!!!

 ഗുണപാഠം 1: ഒന്നിലധികം കുഴികളില്‍ ഒരേ സമയം ചാടരുത്. 



ഗുണപാഠം 2: ആം ആദ്മിയുടെ ചൂല്‍ കയ്യില്‍ കരുതുന്നത്
           തിരിഞ്ഞോടുന്നവരെ അടിച്ചുവാരാനും,     
           തിരിഞ്ഞോടാത്തവരെ അടിച്ചോടിക്കാനും
           ഉപകരിക്കും. 


No comments:

Post a Comment