ആദിയില്‍ ആദാം ഉണ്ടാരുന്നു.
കൂടെ വചനം ഉണ്ടാരുന്നു. വചനം ദൈവത്തിന്‍റെ ആരുന്നു. ‘ ആ പഴം തിന്നല്ല്. ’
ഇതാരുന്നു ഡയലോഗ്.
അറിയാനുള്ള ആകാംഷ മനുഷ്യനെ
നയിക്കുന്നു. ആദാം ഒരു വിജ്ഞാനകുതുകി അഥവാ വിശപ്പിന്‍റെ അസുഖോള്ള ജ്ഞാന ദരിദ്രന്‍
ആരുന്നു. പുള്ളി പഴം പറിച്ചു പുട്ടടിച്ചു. ( പുട്ടിന്‍റെ കൂടെ അല്ലാ കഴിച്ചത്
എന്നും വാദം ഒണ്ടു, അങ്ങനെങ്കില്‍ സദയം ക്ഷമിക്കുക. )
വിലക്കപ്പെട്ട കനി അഥവാ
അറിവിന്റെ കനി കഴിച്ച ആദാം, ആദ്യം അറിഞ്ഞത് നഗ്നത ആണ്. നാണം വന്ന നമ്മുടെ എളിയ
സഹോദരന്‍, കാട്ടില്‍ പോയി, കമ്മ്യൂണിസ്റ്റ് പള്ള പറിച്ചു നാണം മറച്ചു.
(കമ്മ്യൂണിസ്റ്റ് പള്ള അല്ലാ എന്നും വാദം ഒണ്ടു, പക്ഷേ, പിന്നെ പ്രൂഫ്
നിരത്തുന്നത് ആയിരിക്കും.)
മനുഷ്യ ചരിത്രത്തില്‍
നഗ്നതയുടെ ചരിത്രം ഇവിടെ ആരംഭിക്കുന്നു. കമ്മ്യൂണിസ്റ്റ് പള്ളയില്‍ നിന്നു, വിവിധ
രൂപത്തിലും ഭാവത്തിലും വലുപ്പത്തിലും നിറത്തിലും വിലയിലും ഉള്ള തുണികളില്‍ അതു
എത്തിനില്‍ക്കുന്നു. നാണം മറക്കലിന്‍റെ ഈ കമ്പോളീകരണത്തിലൂടെ ( marketisation )
ജനകോടികള്‍ ഇന്ന് തുണി നെയ്തു കാശുണ്ടാക്കി പുട്ടടിക്കുന്നു.
ദൈവം ഈ കമ്പോളീകരണത്തിനു
എതിരാര്‍ന്നു. പക്ഷേ ആദാമാണ് ശരിയെന്നു ചരിത്രം വ്യക്തമാക്കുന്നു. ഇല്ലെങ്കി
പരുത്തി കയറ്റുമതി തീര്‍ന്നേനെ, ജിഡിപി താഴ്ന്നേനെ, പെട്രോള്‍ ഗ്യാസ് വില
കൂട്ടിയേനെ, രൂപേടെ വില ഇടിഞ്ഞേനെ, പട്ടിണിമൂലം എല്ലാരും മരിച്ചേനെ, അതും
തുണിയില്ലാതെ ! വീരചരമം പ്രാപിച്ചോര്‍ക്ക് രാജ്യപതാക പുതപ്പിക്കാന്‍ പോലും
തുണിയില്ലാത്ത ദാരുണമായ ആവസ്ഥ ! ആദാമിനു സ്തുതി.
( ദൈവത്തെ
കുറ്റപ്പെടുത്താനും പറ്റില്ല. പാവം. അങ്ങേരു, കമ്പോളീകരണത്തെ എതിര്‍ക്കുന്ന
മാക്സിയന്‍ ലാവണ്യ ശാസ്ത്രത്തില്‍ വിശ്വസിച്ചു. നഗ്നത പവിത്രമായി കണ്ടു. പവിത്രം ആയതൊന്നും കമ്പോളീകരിക്കരുത് എന്നുറക്കെ വാദിച്ചു.
തികഞ്ഞ കമ്മ്യൂണിസ്റ്റ് ആയ
ദൈവം, സ്വന്തം കാട്ടില്‍ കമ്മ്യൂണിസ്റ്റ് പള്ള വളര്‍ത്തി എന്നതാണ് കൂടുതല്‍
വിശ്വസനീയം. അതിനാല്‍ ബാക്കി പള്ളാവാദങ്ങള്‍ തള്ളിക്കളയാം. )
നഗ്നതയുടെ ചരിത്രം പിന്നീടു
നോക്കുമ്പോ ഒരു പുതിയ ട്വിസ്റ്റു കാണാം. ആദാമിന് അറിവ് ലഭിച്ചപ്പോ നാണം
മറച്ചെങ്കില്‍, പിന്നീട് ജ്ഞാനോദയത്തില്‍ നഗ്നരാകുന്നു എന്ന മാറ്റം. ആര്‍ക്കിമിഡീസിന്‍റെ
‘യുറേക്ക’ എന്നുറക്കെ വിളിച്ചു കൂവിക്കൊണ്ടുള്ള ഓട്ടം ആണ്, ലഭ്യമായ രേഖകള്‍വെച്ചു ഈ
പുതിയ ട്രെന്‍ഡിനു തുടക്കമിട്ടത്. ( ഇതിന്‍റെ പൈതൃകവും ഭാരതീയര്‍ക്കാണെന്നും, കുംഭ
മേളയിലാണ് ഈ ട്രെന്‍ഡ് ആരംഭിച്ചതെന്നും വാദം ഒണ്ടു, അങ്ങനെങ്കില്‍ സദയം
ക്ഷമിക്കുക. )
നഗ്നരായി നടക്കുന്നത്
ചരിത്രത്തിലേക്ക് ഒരു മടങ്ങിപ്പോക്ക് ആണ്, അഥവാ ഭൂമിയില്‍ സ്വര്‍ഗം സ്ഥാപിക്കാനാണ്
എന്നൊരു പ്രബലമായ വാദമുണ്ട്. എന്നാല്‍ ഇതു സദാചാര വിരുദ്ധമാണ് എന്നു ഇന്ത്യന്‍
കോടതികള്‍ പറയുന്നു. ( അല്ലെങ്കില്‍, ദേവയ്യാനി കേസ്സില്‍, സ്ടിപ് സെര്‍ച്
നടത്തിയത്, സ്വര്‍ഗ്ഗ സ്ഥാപനത്തിനാണ് എന്നുവരെ അമേരിക്കന്‍ പ്രോസിക്യൂട്ടര്‍
വാദിച്ചുകളയും. )
എന്നാല്‍, എല്ലാരും
നഗ്നരാണെങ്കില്‍ ഭൂമി സ്വര്‍ഗമായേനെ എന്നു ചില ചെറുപ്പക്കാരെങ്കിലും കരുതുന്നു.
പിള്ളേരല്ലേ, പിണ്ണാക്കല്ലേ, കുറച്ചു കഴിയുമ്പോ കൊതി തീര്‍ന്നോളും.
ഇനി കേരളചരിത്രം.
സാമ്യങ്ങള്‍ ഏറെ ഒണ്ടു.
ദൈവം നഗ്നതയുടെ കമ്പോളീകരണത്തിനെതിരെ
നല്ല കമ്മ്യൂണിസ്റ്റ് ആയി പോരാടി, ഓട്ടം പൂര്‍ത്തിയാക്കി എങ്കില്‍,
ബലപ്രയോഗത്തിലൂടെ അല്ലാതെ ലോകത്തു ആദ്യമായി കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് വന്ന
സ്ഥലമാണ് കേരളം.
കൂടാതെ കേരളം മൊത്തം കാടാണ്.
ദൈവത്തിന്‍റെ ഈ സ്വന്തം കാട്ടിലും കമ്മ്യൂണിസ്റ്റ് പള്ള തഴച്ചു വളരുന്നു. ( അവലംബം
: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. )
ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍,
ഉടുമുണ്ട് അഴിച്ചു, സമാധാനത്തിന്‍റെ വെള്ളക്കൊടി പാറിച്ചുവരെ കേരളീയര്‍ നഗ്നരാകുന്നു.
സമകാലിക കേരളോം നഗ്നതയുടെ
അടിസ്ഥാന പ്രമാണങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നു. ഭരണത്തില്‍ കൂടുതല്‍
സുതാര്യത എന്നതാണ് ഗവണ്മെന്റ് നിലപാട്. പല
പീഡന കേസ്സുകളിലും വസ്ത്രാക്ഷേപത്തിലും പ്രതികള്‍ ആയിവരെ, ചില മന്ത്രിമാര്‍, ഈ
സുതാര്യതയ്ക്കായി അഹോരാത്രം പോരാടുന്നു. ( മന്ത്രിമാര്‍ പറച്ചില് മാത്രേ ഉള്ളെന്നു
ഏതു വെടുങ്കനാണോ പറഞ്ഞതു ! )
ചുരുക്കട്ടെ. ആദാം
വിലക്കപ്പെട്ട കനി കഴിച്ചു. കമ്മ്യൂണിസ്റ്റ് പള്ള പറിക്കാന്‍ പോയി, പിന്നേ ദൈവം സ്വര്‍ഗ്ഗത്തീന്നു
ഇറക്കിവിട്ടു. മലയാളി വിലക്കപ്പെട്ട പാനീയം കുടിച്ചു. ബോധം പോയി, നഗ്നനായി,
സ്വന്തം സ്വര്‍ഗ്ഗം ഉണ്ടാക്കി, ഇഴഞ്ഞിഴഞ്ഞു നടക്കുന്നു. ( നമ്മളോടാ കളി ! )
ആദാം
മലയാളി അല്ലെങ്കിലും, അന്ന് സ്വര്‍ഗ്ഗത്തില്‍ ഒണ്ടാര്‍ന്ന പാമ്പ്, ഇന്നത്തെ മലയാളി
പാമ്പുകളുടെ വല്യപ്പൂപ്പ ആകാന്‍ എല്ലാ ചാന്‍സും ഒണ്ടു. ( പ്രൂഫ് ഒന്നും ഇല്ല, ഒരു
ഊഹം മാത്രം. പൈതൃകം മാറിയെങ്കില്‍ മലയാളി പാമ്പുകള്‍ സദയം ക്ഷമിക്കുക. )
* * * * * * * * * * *
ഗുണപാഠം 1 : ദൈവം തികഞ്ഞ
കമ്മ്യൂണിസ്റ്റ് ആണ്.
ഗുണപാഠം 2 : പുട്ടും പഴവും
ഒരു സ്വര്‍ഗ്ഗീയ ആഹാരമാണ്.
ഗുണപാഠം 3 :
കമ്മ്യൂണിസ്റ്റ് പള്ള ഒരു സ്വര്‍ഗ്ഗീയ സസ്യം ആകുന്നു.
No comments:
Post a Comment