Aug 27, 2014

തലതെറിച്ചവന്മാര്‍





ഒരിടത്തൊരിടത്ത് ഒരു തെങ്ങുണ്ടായിരുന്നു. ആ തെങ്ങില്‍ ഒരു ദിവസം ഒരു തേങ്ങാകുഞ്ഞന്‍ പിറന്നു.


തിന്മകളുടെ വിളനിലമായ തേങ്ങാക്കുല തറവാട്ടില്‍ അവന്‍ മാത്രം ഒറ്റയാനായി നിന്നു.
മറ്റു മെച്ചിങ്ങകള്‍ വവ്വാലുകള്‍ക്കും എലികള്‍ക്കും ഒപ്പം അന്തിയുറങ്ങി. മറ്റു മെച്ചിങ്ങകള്‍ തന്തോന്നികളായി വളര്‍ന്നപ്പോള്‍, ഇവന്‍ സദ്ഗുണ സമ്പന്നനായി വളര്‍ന്നു.


ദിവസങ്ങള്‍ കടന്നുപോയി. കാലങ്ങള്‍ കൊഴിഞ്ഞുപോയി. മെച്ചിങ്ങകള്‍ വളര്‍ന്നു. ഠോ, ഠോ, ഠോ... തെറ്റു ചെയ്തവന്‍ ശിക്ഷ അനുഭവിക്കും എന്ന വചനം ഓര്‍മ്മിപ്പിക്കുമാറ്, പലരും തലതെറിച്ചവന്മാരായി, മണ്ഡരി ബാധിച്ചു താഴെവീണു. തേങ്ങാകുഞ്ഞന്‍ അഭിമാനത്താല്‍ പൂരിതനായി... കരിക്കിന്‍ വെള്ളം തുടിക്കുന്ന യുവത്വം... തലക്കനം കൂടി.


കാലങ്ങള്‍ പിന്നെയും കൊഴിഞ്ഞു. ഠോ, ഠോ, ഠോ, ഠോ... തലതെറിച്ചവന്മാരുടെ സ്റ്റോക്ക്‌ തീര്‍ന്നു. ഇനി തെറിക്കാന്‍ തേങ്ങാകുഞ്ഞന്‍ മാത്രം. വാര്‍ദ്ധക്യം... തല നരച്ചു... ചകിരി ഉണങ്ങി... പ്രായത്തിന്‍ തത്വചിന്തകള്‍ തലപൊക്കി.


തന്‍റെയും, മറ്റു തലതെറിച്ചവന്മാരുടെയും ജീവിതം തമ്മില്‍ എന്തു വ്യത്യാസം!  ഞെട്ടറ്റു, ചന്തിയിടിച്ചു ഭൂമിയില്‍ വീഴുന്നതോടെ സ്വാഹ... പിന്നെ ശരീരം ചിരണ്ടി, ശവംതീനികള്‍ തിന്നാലെന്തു, ഇല്ലെങ്കില്‍ എന്തു! നല്ല ഓട്ടം പൂര്‍ത്തിയാക്കിയ തനിക്ക് ലഭിക്കുന്ന നീതിയുടെ കിരീടവും, ഈ ചന്തിയിടിച്ചുള്ള മരണമാണോ!


വിഷാദം, മിച്ചമുള്ള തേങ്ങാ വെള്ളത്തിന്‍റെ രൂപത്തില്‍ കാറ്റത്തു ചെറുതായി ഓളം തള്ളിയപ്പോളാണ്, തേങ്ങാകുഞ്ഞന്‍ ആ കാഴ്ച കണ്ടത്.


അതാ പോകുന്നു സാമദ്രോഹി, തേങ്ങാവെട്ടുകാരന്‍! കുലദ്രോഹി... തരുണീതരുണന്മാരായ കരിക്കുകളെ മുതല്‍, കുഴിയിലേക്ക് കാലു നീട്ടിയിരിക്കുന്ന ഉണക്ക തേങ്ങകളെ വരെ, വാക്കത്തിക്കു ഇരയാക്കുന്ന ആരാച്ചാര്‍, അല്ല, മൂരാച്ചി!  ഇവനൊരു പണികൊടുത്തിട്ടു, തനിക്ക് വീരചരമം പ്രാപിക്കാം.


കേര ദൈവങ്ങളെയും, മണ്മറഞ്ഞ തേങ്ങാക്കുല തറവാട്ടു കാരണവന്മാരെയും മനസ്സില്‍ ധ്യാനിച്ചു... മൂരാച്ചിയുടെ തല ലക്ഷ്യമാക്കി, തേങ്ങാകുഞ്ഞന്‍ ഞെട്ടറ്റു ചാടി!


ഠോ!!!..


എന്തുപറ്റി? മറ്റു തെങ്ങിലെ വായിനോക്കി തേങ്ങകള്‍, ചുറ്റും നോക്കി. മൂരാച്ചിക്ക് ഒന്നും പറ്റിയില്ല!


തേങ്ങാകുഞ്ഞനോ? അതാ പോകുന്നു... ദിശ തെറ്റി വന്ന ഒരു ഉപഗ്രഹത്തില്‍ കുരുങ്ങി, തേങ്ങാകുഞ്ഞന്‍, ഉയരങ്ങളിലേയ്ക്ക് പറക്കുന്നു... വായിനോക്കി തേങ്ങകള്‍ കോരിത്തരിച്ചുപോയി... അങ്ങനെ, ബഹിരാകാശത്ത് എത്തുന്ന ആദ്യ തേങ്ങയായി, തേങ്ങാകുഞ്ഞന്‍!!!


കാലങ്ങള്‍ കൊഴിഞ്ഞുപോയി... പക്ഷേ, തേങ്ങാകുഞ്ഞന്‍റെ കഥ, തേങ്ങാക്കുല തറവാട്ടില്‍ ഇന്നും മുഴങ്ങുന്നു, തലതെറിച്ച ന്യൂ ജനറേഷന്‍ മെച്ചിങ്ങകള്‍ക്കു, ഒരു ഗുണപാഠമായി....


* * * * * * * * * * *

ഗുണപാഠം : സദ്ഗുണ സമ്പന്നരാണെങ്കില്‍, ജീവിതത്തില്‍ ഉയരങ്ങളില്‍ എത്തിച്ചേരാം.


* * * * * * * * * * *

ഈ ലക്കത്തിലെ ചോദ്യം: തേങ്ങാകുഞ്ഞനു എത്ര സഹോദരങ്ങള്‍ ഉണ്ട് ?

{ ക്ലൂ : ഠോ }



ശരിയുത്തരം കമന്‍റു ചെയുന്നവരില്‍ നിന്നും ഭാഗ്യശാലിയുടെ പേര് അടുത്ത ലക്കത്തില്‍ പ്രസിദ്ധീകരിക്കുന്നതയിരിക്കും*

*conditions apply:  provided I have to write next article and you have to like,share this one and give me treat :P




No comments:

Post a Comment