Sep 9, 2014

ഒളിച്ചോട്ടം






പതിവു കലാകൊലപാതകങ്ങളില്‍ നിന്നും ഭിന്നമായി, ഇതൊരു ഗൗരവമാര്‍ന്ന കഥയാണ്‌.
ഒരു കദന കഥ.


ജീവിച്ചിരിക്കുന്നവരുമായി സാദൃശ്യം ഉണ്ടാവാന്‍ സാധ്യത വിരളം. മണ്മറഞ്ഞവരുമായി തീര്‍ച്ചയായും സാദൃശ്യമുണ്ട്. കാരണം, ഈ കഥ നടക്കുന്നത്, മാമൂല്‍ക്കോട്ടകളുടെ ഇരുട്ടറകളില്‍ പെണ്ണിനെ തളച്ചിടുന്ന മരുമക്കത്തായത്തിന്‍റെ കാലത്താണ്, തൊലിയുടെ നിറംനോക്കി മനുഷ്യനെ തിരിക്കുന്ന ജാതിവ്യവസ്ഥയുടെ കാലത്താണ്.


എല്ലാ മലയാളികളും കുട്ടിക്കാലത്ത് കേട്ടിരിക്കാവുന്ന കഥ... പിന്നീട് മറവിയുടെ ചുക്കിലിമുറിയില്‍ അറിയാതെ പുറന്തള്ളിയ കഥ. കാലത്തിന്‍റെ പ്രളയത്തിലും ചുഴലിയിലും മറഞ്ഞുപോയ നായകനും നായികയ്ക്കും ഈ കഥ സമര്‍പ്പിക്കുന്നു.


* * * * * * * * * * *


മധ്യ(ദ്യ)കാല കേരളം. അനാചാരങ്ങളുടെ ഈറ്റില്ലം. വിവേകാനന്ദന്‍ കണ്ട ഭ്രാന്താലയം.


അതിപുരാതനമായ നായര്‍ തറവാട്. നാട് മുഴുവന്‍ വിലക്കുവാങ്ങാവുന്ന സ്വത്ത്. വണ്ടികണക്കിനു കുട്ടികള്‍. (രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതും.) ആഢ്യത്തത്തിന്‍റെ അടയാളമായി പടര്‍ന്നു പന്തലിച്ച അരയാല്‍മുത്തശി. ഇവിടെയാണ്‌ കഥയിലെ നായിക പിറന്നത്.


അല്‍പം അകലെയായ്, തറവാട്ടുവക ഇഷ്ടികചൂള. ചൂളയില്‍ പണിയെടുക്കുന്ന കീഴാളവര്‍ഗ്ഗം. അതിലൊരു തൊഴിലാളിയുടെ കരവിരുതിന്‍റെ ഫലം. (അല്ലെങ്കില്‍ പാകപ്പിഴ.) അതാണ് കഥയിലെ നായകന്‍.


നായിക വളര്‍ന്നു. ചുറ്റുമുള്ള അനാചാരങ്ങള്‍ക്കും ദുര്‍മന്ത്രവാദങ്ങള്‍ക്കും മൗനസാക്ഷിയായ്.


നായകന്‍ വളര്‍ന്നു. ജാതിയുടെ പേരിലുള്ള നെറികേടുകള്‍ കണ്ടില്ലെന്നു നടിച്ച്.


പ്രേമം. എല്ലാ വ്യത്യാസങ്ങളും സാദൃശ്യങ്ങള്‍ ആക്കുന്ന മായാജാലം. അവര്‍ പ്രണയിച്ചു.


ആരംഭത്തില്‍, മനസ്സിലെ വികാരസമുദ്രത്തിന്‍റെ വേലിയേറ്റങ്ങള്‍ മാത്രമാകുമ്പോള്‍, ആരും അറിയുന്നില്ല. എന്നാല്‍ വികാരം, വിചാരത്തില്‍ നിന്നു പ്രവർത്തിയിലേക്ക് കടക്കുമ്പോള്‍ എല്ലാവരും അറിയുന്നു.


നായകനും നായികയും കാശിയിലേക്ക് ഒളിച്ചോടിയത്‌ എല്ലാവരും അറിഞ്ഞത് പെട്ടന്നാണ്. അറിഞ്ഞോ? ആരും അറിഞ്ഞതായി ഭാവിച്ചില്ല. അല്ലങ്കിലും വലിയവന്‍റെ വീട്ടിലെ വാര്‍ത്തകള്‍ പറയാന്‍, ആരാണ് വലിയവാ തുറക്കുക! ചില കുശുകുശുക്കലുകള്‍ മാത്രം.


പക്ഷേ, കാശിയിലേക്കുള്ള യാത്രയില്‍, വന്‍കൊടുങ്കാറ്റാണ് അതഴിച്ചുവിട്ടത്. മന്ത്രതന്ത്രങ്ങളില്‍ നിപുണനായ തറവാട്ടുകാരണവരുടെ പണിയാണോ! പ്രതിബന്ധങ്ങള്‍ ഒന്നൊന്നായി ആഞ്ഞുവീശി. നായിക തളര്‍ന്നു, പക്ഷേ ദൃഢഗാത്രനായ നായകന്‍ താങ്ങായി.


ദുര്‍നിമിത്തങ്ങള്‍ വീണ്ടും കണ്ടു. വരുണദേവന്‍ പേമാരിയുടെ രൂപത്തില്‍ മാര്‍ഗ്ഗമുടക്കി, കാരണവരുടെ സ്തുതിയില്‍ പ്രസാദിച്ചു. ഇത്തവണ നായകന്‍ തളര്‍ന്നു. പക്ഷേ നായിക, പനിപിടിക്കാതെ തല തോർത്തികൊടുത്ത് നായകനെ രക്ഷിച്ചു.


ഹോമാഗ്നി വീണ്ടും എരിഞ്ഞു. ദുര്‍മന്ത്രവാദം ലെവല്‍ 2 ലേക്ക് കടന്നു. കാരണവര്‍ രണ്ടു ദേവന്മാരെ കൂട്ടുപിടിച്ചു. മന്ദമാരുതന്‍ ശീക്രമാരുതനായി ദീര്‍ഘമായ് ആഞ്ഞടിച്ചു. കാര്‍മുകില്‍ പേമാരിവിട്ടു അട്ടഹസിച്ചു, പ്രളയമായി.


പ്രണയസാഫല്യം വിവാദവിഷയമാണ്. വിധിക്കെതിരെ പരമാവധി ഒന്നിച്ചു പോരാടുന്നതിനെ ചിലരെങ്കിലും സാഫല്യമായ് കാണുന്നു. ഈ ലോകത്തിലല്ലങ്കില്‍, പരലോകത്തില്‍ ഒരുമിക്കാമെന്ന വാഗ്ദാനവുമായി, കഥയിലെ നായിക കാണാദൂരത്തേക്ക് പോയ്‌. ആ ദുഃഖത്തില്‍ നിസ്സഹായനായ നായകന്‍, പ്രളയജലത്തില്‍ അലിഞ്ഞുചേര്‍ന്നു.


പേമാരി പയ്യെ പിന്‍വാങ്ങി, പ്രളയം പയ്യെ കെട്ടടങ്ങി. നായികാനായകന്മാരുടെ ഓര്‍മ്മക്കായി, കാശിയിലെ നാട്ടുകാര്‍, ഒരു കല്ലറ സ്ഥാപിച്ചു. അതില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:


“മണ്ണാംകട്ടയും കരിയിലയും.

സ്വദേശം: കേരളം

आपका प्यार अमर रहेगा

Rest In Peace”


* * * * * * * * * * *


നിരീക്ഷണം 1: ദുര്‍മന്ത്രവാദം ലെവല്‍ 2 പ്രളയത്തിലേക്കു നയിക്കുന്നു.


നിരീക്ഷണം 2: കാശിയിലെ ജനങ്ങള്‍ക്കു മലയാളവും, ഹിന്ദിയും, ഇംഗ്ലീഷും അറിയാം.



No comments:

Post a Comment