Mar 7, 2014

തപസ്സ്





“അനിത്യമസുഖം ലോകം”. (ഗീത 7.33). ശോകമാണ് മനുഷ്യനെ ചിന്താലുവും, തത്ത്വാന്വേഷകനും, സത്യദാഹിയുമാക്കുന്നത്.
പലപ്പോഴും അതു സര്‍ഗ്ഗാത്മകതയ്ക്കും കാരണമാകുന്നു.

ഇതേ ശോകം അഥവാ വിരക്തിയാണ്, പ്രപഞ്ചിനെ ഒരു ചെറു ചിന്തകനാക്കി മാറ്റിയതു. തന്‍റെ മുറിയില്‍ മാത്രം ഇരുന്നുകൊണ്ടുള്ള ഒരു കഠിന തപസ്സായി അതു പരിണമിച്ചു.

ഹിമാലയത്തില്‍ പോയി തപസ്സിരിക്കാം എന്നാണ് പ്രപഞ്ച് ആദ്യം ഓര്‍ത്തത്‌. പക്ഷേ, ഗ്ലോബല്‍ വാര്‍മിംഗിന്‍റെ കാലം... വീട്ടിലെ എസിക്കാണ് ഹിമാലയത്തേക്കാള്‍ സുഖം.

ഉറക്കമില്ലായ്മ, കുളി-ജപമില്ലായ്മ,  ക്ഷൗരമില്ലായ്മ എന്നീ ഭൗതിക ഇല്ലായ്മകള്‍... (വസ്ത്രമില്ലായ്മ പരീക്ഷിക്കുവാനും പ്രപഞ്ച് തയ്യാറായിരുന്നു. എന്നാല്‍, മറ്റുള്ളവരുടെ നാണം മറയ്ക്കുവാനായി താന്‍ വസ്ത്രം ധരിക്കേണ്ടതില്ല, എന്ന നിലപാടില്‍ മാറ്റം വരുത്തുവാന്‍ , സഹജീവികളുടെ എതിര്‍പ്പ്, പ്രപഞ്ചിനെ നിര്‍ബന്ധിതനാക്കി. ഒരു ഒത്തുതീര്‍പ്പെന്ന നിലയില്‍, വസ്ത്രം ധരിക്കണമെന്നും, എന്നാല്‍ അതു എപ്പോള്‍ മാറണമെന്ന കാര്യത്തിലുള്ള പൂര്‍ണ്ണമായ സ്വാതന്ത്ര്യം, അതിന്‍റെ ഉടമയ്ക്കാണെന്നും തീരുമാനിക്കപ്പെട്ടു. അങ്ങനെ സ്വന്തമായി ഒരു പുതുമണംതന്നെ സ്രഷ്ടിക്കുവാന്‍ പ്രപഞ്ചിനു കഴിഞ്ഞു!. – വിരക്തി സര്‍ഗ്ഗാത്മകതയ്ക്കു കാരണമാകുന്നതിനു, നല്ല ഒരു ഉദാഹരണം.)

നഷ്ടബോധം, സ്വത്വ പ്രതിസന്ധി (identity crisis), ശൂന്യതാബോധം എന്നീ ആന്തരിക പ്രതിസന്ധികളും പ്രപഞ്ചിനെ അലട്ടി. താന്‍ എന്തിനെകുറിച്ചാണ് ആകുലപ്പെടുന്നതെന്ന് അറിയില്ല എന്നതായിരുന്നു, പ്രപഞ്ചിന്‍റെ പ്രധാന പ്രതിസന്ധി.

ആകുലതകള്‍ താടി രോമങ്ങളായി വളര്‍ന്നു... ആല്‍മരത്തിന്‍റെ വേരുകള്‍പോലെ പടര്‍ന്നു... (പ്രപഞ്ച് മുറിക്കു പുറത്തു ഇറങ്ങിയെങ്ങില്‍, കാന്‍സര്‍ രോഗികള്‍ക്കുള്ള   വിഗ് നിര്‍മ്മിക്കാന്‍, മുടി വെട്ടുന്നവര്‍ക്ക്, ചാകര ആയേനേ!)

പണ്ടു പണ്ടു, ഒരാള്‍ ഇതുപോലെ കൂലങ്കഷമായി ചിന്തിച്ചുകൂട്ടി, തപസ്സിരുന്നു... അതിനിടക്ക്, ചിതല്‍പ്പുറ്റ് അദ്ധേഹത്തെ പൊതിഞ്ഞു. വാല്മീകം അഥവാ ചിതല്‍പ്പുറ്റ് പൊട്ടിച്ചു പുറത്തുവന്ന അദ്ധേഹം വാല്മീകിയായ്.

പ്രപഞ്ചിനെ പൊതിയാന്‍, ചിതല്‍പ്പുറ്റ് പോയിട്ട്, ഒരു ചെറിയ ഉറുമ്പുപോലും രംഗത്തെത്തിയിട്ടില്ല. കുറച്ചുപേര്‍ ട്രേഡ്‌ യൂണിയന്‍ മീറ്റിങ്ങില്‍ പോയെന്നു തോന്നുന്നു. മിച്ചമുള്ളവര്‍ നിര്യാതരായികാണും. ഡിഡിറ്റിക്കു നന്ദി.

രംഭ, മേനക, തിലോത്തമ തുടങ്ങിയ ദേവലോക സുന്ദരികള്‍ ആയിരുന്നു പണ്ടു തപസ്സ് ഇളക്കാന്‍ കൊട്ടേഷന്‍ എടുക്കുന്നവര്‍. ടിവിയില്‍ നിന്നുയരുന്ന കിളിക്കൊഞ്ചലും, മാദക നൃത്തവുമാണ് പ്രപഞ്ചിനു പ്രലോഭനമായി തോന്നിയത്.

ഈ പ്രലോഭനത്തിനോന്നും തന്‍റെ ഉദ്യമം തകര്‍ക്കാനാവില്ല. ഏകാഗ്രതയ്ക്കായി ഹെഡ്ഫോണ്‍ ചെവിയില്‍വെച്ചു പ്രപഞ്ച് തപസ്സ് തുടര്‍ന്നു. മൈക്കിള്‍ ജാക്ക്സണ്‍ന്‍റെ പാട്ടുകള്‍ തപസ്സിനു അനുയോജ്യം, എന്നു ആദ്യമായ് അറിയുന്ന നിമിഷങ്ങള്‍...

പാട്ടുകള്‍ താണ്ഡവ നൃത്തത്തിനു വഴിമാറി... തപസ്സ് കഠിനമായ്‌... കാറ്റടിച്ചു... ഭൂമി വിറച്ചു, അല്ല, കറണ്ട് പോയപ്പോള്‍ ടിവി, ഫ്രിഡ്ജ്‌, എസി എല്ലാം ഒരുമിച്ചു നിന്നതാണ്.

താപം... വിയര്‍ക്കുന്നു... ആഴി പൂജ കഴിഞ്ഞ പ്രതീതി... ദേവാ, എന്‍റെ തപസ്സ് അങ്ങു കാണുന്നില്ലേ... ഈ ഭക്തനില്‍ പ്രസാദിക്കൂ... അടിയനു ദര്‍ശനം നല്‍കൂ...

മംഗള ദായക നിമിഷം... ഭഗവാന്‍റെ ശബ്ദം മുഴങ്ങി... കൂടെ കറണ്ടും വന്നു... സംതൃപ്തനായ പ്രപഞ്ച് മുറിവിട്ടു പുറത്തിറങ്ങി... അടുത്ത മുറിയില്‍ ഇരുന്നു ടിവി നോക്കി, മഹാഭാരതം സീരിയലിലെ തന്‍റെ ഇഷ്ടമൂര്‍ത്തിയെ ഭക്തിയോടെ വണങ്ങി.


*  * * * * * * * * * *


ഗുണപാഠം 1: ഉറുമ്പുകള്‍ക്കുവരെ ട്രേഡ്‌ യൂണിയനുണ്ട്.

ഗുണപാഠം 2: മൈക്കിള്‍ ജാക്ക്സണ്‍ന്‍റെ പാട്ടുകള്‍ തപസ്സിനു അനുയോജ്യമാണ്‌.

ഗുണപാഠം 3: വീ ഗാര്‍ഡ് സ്റ്റബിലൈസറ് ഉണ്ടെങ്കില്‍, കറണ്ട് പോയാലും  ടിവി, ഫ്രിഡ്ജ്‌, എസി ഇവ അടിച്ചുപോകില്ല.



Moral: In this digital world, even God appear in digital form.


No comments:

Post a Comment