‘ഇവ ഇവാന്‍’ ! എന്തു ചേര്‍ച്ചയാണ്
തങ്ങളുടെ പേരുകള്‍ തമ്മില്‍...!
തങ്ങള്‍ ഒരുമിക്കുമെന്നു നേരത്തേതന്നെ നിശ്ചയിക്കപ്പെട്ടിരിക്കും...!
തങ്ങള്‍ ഒരുമിക്കുമെന്നു നേരത്തേതന്നെ നിശ്ചയിക്കപ്പെട്ടിരിക്കും...!
അവന്റെ പേര് തന്‍റെതിനോട് ചേര്‍ത്തപ്പോള്‍ അവള്‍ക്കു കൗതുകം തോന്നി.
പേരിന്റെ ചേര്‍ച്ചയാണ് അവനെ
ലാബ് പാര്‍ട്ണര്‍ ആയി കിട്ടാന്‍ തന്നെ സഹായിച്ചത്... മൈക്രോ പ്രോസസ്സര്‍ ലാബില്‍
ആകെയുള്ള കിറ്റില്‍ അവന്‍ പ്രോഗ്രാം ചെയ്യുമ്പോള്‍, അവനെ നോക്കി സ്വപ്നം കാണാനാണ്
ഇവ ഇഷ്ടപെട്ടത്...
അവനറിയാം താന്‍ അവനെ
കണ്ണുംനട്ട് ഇരിക്കുന്നത്. ഇടക്ക് അവന്‍ തിരിഞ്ഞു നോക്കും. അപ്പോള്‍ താന്‍ മുഖം
തിരിക്കും. അപ്പോള്‍ അവന്റെ മുഖത്ത് ഒരു ചെറുചിരി തെളിയും. “നീ എന്നേ നോക്കിയത്
ഞാന്‍ കണ്ടെടോ കള്ളീ !” എന്ന മട്ടില്‍. എന്നാലും ഇവാന്‍ അതെക്കുറിച്ച് ഒന്നും
ചോദിക്കില്ല, പ്രോഗ്രാം പറഞ്ഞുതരാന്‍ മാത്രം ചോദിച്ചാലായി.
പുറത്തു മഴ ചാറുന്നു...
ഇവാന് മഴ ഇഷ്ടമാണെന്ന് തോന്നുന്നു...
മഴയത്തു ചെക്കന്മാര്‍ 2 തരമാണ്.
പഞ്ചപാവങ്ങള്‍ മര്യാദരാമന്മാരായി കുടചൂടി പോവും. കുട കൊണ്ടുവരാത്തവരും, കുട
നനക്കാന്‍ മടിയന്മാരും പെരുമഴയത്ത് മര്യാദരാമന്മാരുടെ കുടയില്‍ അഭയം തേടും.
വ്യത്യസ്തത എവിടെയും
ശ്രദ്ധിക്കപെടും... കുട ഉണ്ടെങ്കിലും മഴ നനയാനാണ് ഇവാന് ഇഷ്ടമെന്ന് തോന്നുന്നു...
കഴിഞ്ഞ 2 ദിവസമായി താന്‍ ശ്രദ്ധിക്കുന്നു. ഒരു പച്ച ഗേളിഷ് കുട അവന്റെ ബാഗിന്‍റെ
സൈഡില്‍ വെച്ചിരിക്കും... എന്നിട്ടു പെരുമഴയത്ത് നനഞ്ഞു നടക്കും. ആരെങ്കിലും
കുടയില്‍ കയറുന്നോ എന്നു ചോദിച്ചാലും മൈന്‍ഡ് ചെയില്ല. കിറുക്കന്‍ !
ആ മത്തങ്ങാ തലയില്‍ തട്ടി
വെള്ളം തെറിക്കുന്നതു കാണാന്‍ നല്ല രസമാണ്. പ്രകൃതിയുടെ ഈ ധാര പിഴിച്ചിലുകൊണ്ടൊന്നും
ആ കിറുക്ക് മാറാന്‍ പോകുന്നില്ല !.
ബെല്ലടിച്ചു. എല്ലാവരും
പോകുന്നു. കിറുക്കന്‍ വേഗം ചെയ്തിട്ടു വേണം രണ്ടുപേര്‍ക്കും ഒരുമിച്ചു സൈന്‍
കിട്ടാന്‍.
മഴ കൂടുന്നു. ഓ സമാധാനം,
ഇവാനും തീര്‍ന്നു... സൈന്‍ കിട്ടിയപാടെ ചെക്കന്‍ മൈന്‍ഡ് ഇല്ലാതെ പോകാന്‍ പോകുന്നു
! പ്രോഗ്രാം പറഞ്ഞുകൊടുത്തതിന്റെ നന്ദിപോലും ഇല്ല !
പതിവുപോലെ ചെക്കന്‍ മഴ
നനയുന്നു. അടുത്ത് ആരുമില്ല. കോളേജ് ക്യാമ്പസ്‌ലെ മുത്തശ്ശി മാവും അതില്‍ രണ്ടു
അടക്കാകിളികളും മാത്രം. ആവര് മഴ നനഞ്ഞത് തോര്‍ത്തുന്ന തിരക്കിലാണെന്ന്
തോന്നുന്നു.
തന്റെ കൂടെ കുടയില്‍
കയറുന്നോ എന്നു ചോദിച്ചാലോ ! വേണ്ട, ആ കിറുക്കന്‍ ആരുടെ കുടയിലും കയറില്ല... ആ
ചപ്ര തലമുടി മഴയത്തു കാണാന്‍ നല്ല രസം.
ഇവ കുട മടക്കി, അവന്റെ
അടുത്തേക്ക് വേഗം നടന്നു. കിറുക്കന്‍ തിരിഞ്ഞുനോക്കി.
“എന്താടോ മഴ നനയുന്നേ,
കുടയില്ലേ ? !”
“തന്റെ കൂടെ മഴ നനയാന്‍ വന്നതാടോ മണ്ടാ” എന്നു പറയാന്‍ മനസ്സ് മന്ത്രിച്ചു. പക്ഷേ മഴയത്തു ആ
സൗണ്ട് കേട്ടില്ല. ! എന്തോ ടെന്‍ഷന്‍ പോലെ... പെരുമഴയത്തും നാവിലെ വെള്ളം വറ്റിയത്
ഇവ അറിഞ്ഞു.
പെട്ടന്നു ഒരു ബൈക്ക് വന്നു
നിന്നു. പ്രണവ് അവനെ മഴയത്തു ബൈക്കില്‍ കറങ്ങാന്‍ വിളിച്ചു.
“കുടയുടെ കമ്പി ഒടിഞ്ഞു,
നന്നാക്കാന്‍ പോവ്വാ”. ഇവ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
“ശരി, എടോ ഞാന്‍ പോവ്വാ,
നാളെ കാണാം.” ബൈക്കിന്റെ ശബ്ദം ആകലുന്നു. തന്റെ കണ്ണിലെ നിരാശ അവന്‍ കണ്ടില്ലേ? !
കണ്ടെന്നു തോന്നുന്നു.
ശബ്ദം പെട്ടന്നു നിന്നു. അവന്‍ അതാ ഓടിവരുന്നു.
“നമുക്ക് ഒരുമിച്ചു നടന്നു പോവാം”
എന്നു അവന്‍ പറയുമെന്ന് പ്രതീക്ഷിച്ച എന്‍റെ മുന്നിലേക്ക് അവന്‍ ആ പച്ച കുട നീട്ടി
!. എന്‍റെ കുടയ്ക്കു കുഴപ്പമില്ല എന്നു പറയാന്‍ തോന്നി. വേണ്ട, അവനു ആ കുട തരാന്‍
എങ്കിലും തോന്നിയല്ലോ !. അത്രേം ആശ്വാസം.
“എടൊ ഇതെന്‍റെ അമ്മയുടെ
കുടയാ.. അമ്മ കുറേ ദിവസമായി തരുന്നു. ഞാന്‍
എന്നും മറക്കും. ഇതിന്റെ കമ്പിയും ഒടിഞ്ഞു. താന്‍ ഇതൂടെ നന്നാക്കാന്‍ കൊടുക്കുവോ, കാശു
പിന്നെ തരാം.” കിറുക്കന്റെ ശബ്ദം മുഴങ്ങി. പിന്നെ ബൈക്കിന്റെ ശബ്ദവും മുഴങ്ങി.
മുത്തശ്ശി മാവിലെ
അടക്കാകിളികള്‍ മാത്രം ചിലച്ചു.
* * * * * * * * * * *
moral : boys will be boys.
ഗുണപാഠം 1: മഴക്കാലത്ത്
കുടക്കമ്പി ഒടിയുക സാധാരണയാണ്.
ഗുണപാഠം 2: അടക്കാകിളികള്‍
പെട്ടന്നു തോര്‍ത്തിത്തീരും.
No comments:
Post a Comment