Apr 3, 2015

കീബോര്‍ഡ്








കഥാ നായകന്‍റെ പേര് കോമക്കുറുപ്പ്. കഥ നടക്കുന്നത് 17ാമത്തെ നൂറ്റാണ്ടില്‍ ഒന്നുമല്ല, ഈ നൂറ്റാണ്ടില്‍ത്തന്നെ. അതുകൊണ്ടുതന്നെ തനിക്കിത്ര അപരിഷ്കൃതമായ പേരിട്ട അച്ഛനെ കോമക്കുറുപ്പിനു കോമയ്ക്കിടാന്‍ തോന്നിയ്യിട്ടുണ്ട്. പക്ഷേ, എന്തു ചെയ്യാം, അതിനുമുന്നേ പുള്ളി ഫുള്‍സ്റ്റോപ്പ്‌ ആയിപ്പോയി.



പത്താം ക്ലാസും ഗുസ്തിയും കഴിഞ്ഞു വേറെ പണിയൊന്നും ഇല്ലാത്തതിനാല്‍ #കമ്പ്യൂട്ടര്‍ പഠനത്തില്‍ ആണ് മിസ്റ്റര്‍ കോമ. അവടെ വെച്ചാണ്‌ അവളെ ആദ്യമായി കണ്ടത്. ശാലീന സുന്ദരി. പേര് ബിന്ദു. കമ്പ്യൂട്ടര്‍ ലാബിലെ തന്‍റെ പങ്കാളി. അവളെ ജീവിത പങ്കാളി ആക്കാന്‍ മിസ്റ്റര്‍ കോമ ശ്രമിച്ചു.



തങ്ങളുടെ സമാഗമം മുന്നേ രചിച്ചതാണെന്നും, അതല്ലേ കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ വരെ കുത്തും കോമയും അടുത്തടുത്ത്‌ കിടക്കുന്നത് എന്നുമുള്ള മിസ്റ്റര്‍ കോമയുടെ #ലോജിക്കല്‍ റീസണിംഗില്‍ മിസ്സ്‌ ബിന്ദു വീണു.



പ്രണയത്തിന്‍ പുതുനാമ്പുകള്‍ കിളിര്‍ത്തു.... വടവൃക്ഷമായി വളര്‍ന്നു. ആദ്യാനുരാഗം ... ദിവ്യാനുരാഗം... ആദ്യഫലം പഴുത്തു... വിലക്കപ്പെട്ട കനിയായോ!



ബിന്ദു ഗര്‍ഭിണി ആയതോടെ കുത്തും കോമയും നിറഞ്ഞ ജീവിതത്തില്‍ പുഴുക്കുത്തുകളും ദൃശ്യമായി... അവിഹിതമായത്തിനു പൂര്‍ണ്ണബിന്ദുവിടാന്‍ കോമ ഉപദേശിച്ചു... പ്രണയത്തിന്‍ വടവൃക്ഷം കടപുഴകി വീണു... ധിം തരികിട തോം!!!! മിസ്റ്റര്‍ കോമ സ്ഥലം കാലിയാക്കി.



ബിന്ദു ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. ഒരമ്മയുടെ ജാഗ്രത, പ്രണയഭംഗം നേരിട്ട കാമുകിയുടെ പ്രതികാരാഗ്നി... എല്ലാം മിസ്സ്‌ ബിന്ദുവിന്‍റെ കണ്ണുകളില്‍ ജ്വലിച്ചു. ഒരു വടയക്ഷി ഉദയംകൊണ്ടു!!!



തന്‍റെ അവസ്ഥ മകള്‍ക്ക് വരാതിരിക്കാന്‍ മിസ്സ്‌ ബിന്ദു ദൃഡനിശ്ചയം ചെയ്തു.... പ്രസവ കിടക്കയില്‍ വെച്ചുതന്നെ ഒരു കീബോര്‍ഡ് കൊണ്ടുവരാന്‍ ബിന്ദു വാശി പിടിച്ചു...



ആര്‍ക്കും ഒന്നും പിടികിട്ടിയില്ല... അവസാനം മിസ്സ്‌ ബിന്ദുവിന്‍റെ കലിപ്പിനു മുന്നില്‍ ഡോക്ടര്‍മാര്‍ കീഴടങ്ങി... ഒരു കീബോര്‍ഡ് ഹാജരാക്കപ്പെട്ടു....




മിസ്സ്‌ ബിന്ദു കീബോര്‍ഡ് തിരിച്ചും മറിച്ചും നോക്കി... വടയക്ഷി പകയോടെ ചിരിച്ചു... കൂലംകഷമായ പരിശോധനക്കു ശേഷം മിസ്സ്‌ ബിന്ദു പ്രഖ്യാപിച്ചു: 

“എന്‍റെ മോളുടെ പേര് ‘എസ്കേപ്’ എന്നായിരിക്കും”.... ലേബര്‍ റൂം നിശബ്ദമായിരുന്നു... ചുമരിനിടയില്‍ നിന്നും ഒരു പല്ലി മാത്രം ചിലച്ചു... ചിക്ചിക്ചിക്....

.ശുഭം

Moral: Escape button is the most isolated key in Key Board, which helps you to escape from most unforeseen situations. 



No comments:

Post a Comment