Aug 25, 2015

വിശുദ്ധ പട്ടികളും കേരളവും






ചരിത്രത്തിന്‍റെ ഏടുകളിലൂടെ മണംപിടിച്ചു പോകുമ്പോള്‍  ആദ്യം കാണുന്ന പട്ടിസ്നേഹി യുധിഷ്ഠിരന്‍ ആണ്. അത്രേം നേരം കൂടെ ഒണ്ടായിരുന്ന പട്ടിയെ കൂടാതെ ഉടലോടെ സ്വര്‍ഗത്തിലേക്ക് പറക്കാന്‍ പുള്ളിക്കാരന്‍ സമ്മതിച്ചില്ല... അങ്ങനെ പട്ടിയായി ഫാന്‍സിഡ്രസ്സ്‌ നടത്തി വന്ന യമദേവന്‍റെ പരീക്ഷണത്തില്‍ യുധിഷ്ഠിരന്‍ ജയിച്ചു.. യമന്‍ പ്ലിംഗ്!



ചരിത്രം ആവര്‍ത്തിക്കുവാണോ എന്നറിയില്ല, കേരളത്തില്‍ സ്ഥിതി സെയിം ആണ്. കാലന്‍ വീണ്ടും പട്ടിയുടെ രൂപത്തില് മേഞ്ഞുനടക്കുന്നു.



പക്ഷേങ്കി യുധിഷ്ഠിരന്മാര്‍ ഇല്ലാത്തെ ആണു പ്രധാന പ്രശ്നം. കള്ള മലയാളികള്‍! പട്ടിയെ വണ്ടിയേല്‍ കേറ്റി പറക്കാന്‍ ആരും സമ്മതിക്കുന്നില്ല, എന്തൊരു അനീതി!!! കാലന്‍ വീണ്ടും പ്ലിംഗ്!



പക്ഷേ കാലം മാറീത് കാലനും അറിഞ്ഞു. സമൂഹത്തിലെ അനീതിക്കെതിരെ പട്ടികള്‍ വര്‍ഗസമരം അങ്ങു തുടങ്ങി. പലരേം സ്വര്‍ഗത്തിലോട്ടു കേറ്റി വിടുന്നു. ഇടക്ക് ഒരു കടീം ഇടീം ഇല്ലാത്ത എന്തോന്ന് സമരം... അതിപ്പോ സമരത്തിന്‌ ഇടയ്ക്കു ആര്‍ക്കേലും ഒരു ചെറിയ കടി കിട്ടിയാല്‍ പട്ടികളെ ഒന്നും പറയാനും പറ്റില്ല... കേരളത്തിലെ റോഡുകള്‍ സഞ്ചരയോഗ്യം അല്ലെന്നു പട്ടിക്കല്ലാതെ വേറെ അതിലും നന്നായി ആര്‍ക്കറിയാം!



മനുഷ്യന്‍ ആണേപിന്നെ റോഡ്‌ നന്നാക്കാന്‍ മന്ത്രിമാര്‍ക്കും വല്ല നിവേദനോം കൊടുക്കാര്‍ന്നു... ഇതിപ്പോ പട്ടിയായി പോയി. റോഡില്‍ കുറേ നേരം കാത്തു നിന്നാലൊന്നും മന്ത്രിദേവന്മാര്‍ വരൂല്ലന്നു പട്ടിക്കറിയാവോ.. കാത്തുനിന്നു മുഷിഞ്ഞാല്‍ പിന്നെ ആര്‍ക്കാണേലും ദേഷ്യം വരില്ലേ? അതും ഈ പൊരിവെയിലത്ത്.. അണ്ടര്‍സ്റ്റാണ്ട് ബ്രദര്‍. അപ്പോപിന്നെ ആദ്യം കാണുന്ന ആള്‍ടെ കൈയ്യില്‍ നിവേദനം കടിച്ചു വിടാന്‍ അല്ലേ തോന്നു... ഇതൊന്നും ഇത്ര ഇഷ്യൂ ആക്കേണ്ട വല്ല കാര്യോം ഒള്ളതാണോ.. ലൂയിസ് സുവരാസ് ചേട്ടന്‍ തന്നെ എത്ര തവണ കടിച്ചിരിക്കുന്നു..



ഇനി എന്തൂട്ടാ ഇഷ്ടാ ഒരു പ്രതിവിധി എന്നുമാത്രം ചോദിക്കല്ല്... ശ്വാനന്മാര്‍ക്ക് പ്രത്യേക ബസ്സ്‌സ്റ്റാന്റ് മുതല്‍ നിവേദനം സമര്‍പ്പിക്കാന്‍ സ്പെഷ്യല്‍ പോര്‍ട്ടല്‍ വരെ തുടങ്ങാം... ഒരു അക്ഷയകേന്ദ്രോം അനുവദിക്കാം.



ഒരു ഉന്നതാധികാരശ്വാന സമിതി തുടങ്ങുന്നേ ആണ് ഉത്തമം... അപ്പോപ്പിന്നെ സമിതി ഒരു ‘മിനിസ്ട്രി ഓഫ്‌ ഡോഗ്സ്’ തന്നെ ആരംഭിക്കാന്‍ നിര്‍ദേശിച്ചേക്കാം... അങ്ങനെങ്കില്‍ ആ മന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള കടിപിടിയും ഓണക്കാലത്ത് മലയാളികള്‍ക്ക് കണ്ടു രസിക്കാം. പക്ഷേ എന്നാലും ബാക്കി നില്‍ക്കുന്നു പ്രശ്നങ്ങള്‍... അവസാനം കടിപിടി ജയിക്കുന്ന മന്ത്രിയെ ആരേലും “കടിയന്‍ മന്ത്രി” എന്നുവിളിച്ചാല്‍ സംഗതി പുലിവാലാകും. (കോടതി ഐടി ആക്റ്റ് സെക്ഷന്‍ 66A എടുത്തു കളഞ്ഞത് നന്നായി. ഇല്ലെങ്കില്‍ ഈ ലേഖകനേം ഇതിനു ലൈക്‌ ഇടുന്നോരേം കമന്റ്സ് അടിക്കുന്നോരേം പിടിച്ചു അകത്തിട്ടേനേ.)



എന്തൂട്ടാണേലും പട്ടിപ്രശ്നത്തിന്  ലഭിക്കുന്ന മീഡിയ കവറജു കുറച്ചു ഓവര്‍ ആണ്. കേരളസംസ്ഥാനമൃഗം ഏതു എന്ന പിഎസ്‌സി ചോദ്യത്തിന് പട്ടി എന്നു മാര്‍ക്ക്‌ ചെയ്‌താല്‍ പകുതി മാര്‍ക്ക് നല്‍കുന്നത് വരെയുള്ള കൂലംകഷമായ പ്രശ്നങ്ങള്‍ക്ക് ഇതു വഴി തെളിക്കും.



ഇതൊന്നും ഇല്ലാതെ, വളരെ സിമ്പിളും പവര്ഫുള്ളും റോബസ്റ്റുമായ ഒരു പരുപാടി ഒണ്ടു. കേരളത്തിലെ പട്ടികളെ എല്ലാം പോലീസില്‍ എടുക്കുക... എന്നിട്ടു ഹര്‍ത്താല്‍ ഡ്യൂട്ടി പട്ടികള്‍ക്കു നല്‍കുക...



ഹര്ത്താലിനു പോലീസിനെ കല്ലെറിയുന്നത്‌ പോട്ടേന്നു വെക്കാം... ജന്തു സംരക്ഷണ നിയമപ്രകാരം ഇസെഡ് പ്ലസ് സെക്യൂരിറ്റി ഒള്ള പട്ടിയെ കല്ലെറിയുകയോ..!! അപ്പോള്‍ കാണാം ജന്തുസ്നേഹം... ലോക പട്ടിസ്നേഹി ആസ്ഥാനമായ ബാംഗ്ലൂരില്‍ നിന്നു മുതല്‍ ഇപ്പൊ യുദ്ധം നടക്കുന്ന യമനില്‍ നിന്നുവരെ, യുദ്ധം നിര്‍ത്തിവെച്ചു പ്രധിഷേധം ഇരമ്പും... ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ നിന്നും കേരളത്തിലെ ഹര്ത്താലിനെതിരെ പ്രമേയം പാസ്സാകും**... അങ്ങനെ ശ്വാനന്‍ വിന്‍സ് ആന്‍ഡ്‌ ഹര്‍ത്താലന്മാര്‍ പ്ലിംഗ്.

* * * * * * * * * * * * * * * * * * * * * * 

ഗുണപാഠം: ഒരു കടിക്ക് രണ്ടു പക്ഷി.


പിന്നറിയിപ്പ്: ഈ കലാകൊലപാതകത്തിലെ പട്ടികള്‍ക്കും അവര്‍ടെ കടിക്കള്‍ക്കും ജീവിച്ചതും മരിച്ചതും ആയ ഒരു പട്ടിയുമായും ബന്ധമില്ല. അങ്ങനെ തോന്നിയാല്‍ അതു തികച്ചും യാദൃശ്ചികം മാത്രമാണ്. ആയതിനാല്‍ ഈ ലേഖകനെ റോഡില്‍ കണ്ടാല്‍ ശ്വാനകേസരികളും ശ്വാനപ്രേമികളും സമദൂരം പാലിക്കാന്‍ അപേക്ഷിക്കുന്നു.


**conditions apply : (ചൈന വീറ്റോ ചെയ്തില്ലെങ്കില്‍ മാത്രം.)


No comments:

Post a Comment