Sep 30, 2015

സ്വസ്തി








പത്രോസ് സ്വര്‍ഗത്തിന് മുന്നിലെ ഇരുമ്പ് ഗേറ്റിനു മുന്നിലൂടെ ലാത്തിയും പിടിച്ചു ഈവനിങ്ങില്‍ ഉലാത്തുമ്പോളാണ് യൂദാസ് കടന്നുവന്നത്.


“നിനക്കെന്താണ് ഇവിടെ കാര്യം?”


“കാര്യമൊക്കെ ഒണ്ടു, കര്‍ത്താവിനെ വിളിക്ക്.” യൂദാസ് മുരണ്ടു.

“തോന്നുമ്പോ തോന്നുമ്പോ കേറിവരാന്‍ ഇതെന്താ നിയമസഭയോ!” പത്രോസ് കലിപ്പിച്ചു.

“പത്രോസേ, നീ പാറയൊക്കെ ആയിരിക്കും, പക്ഷേ അങ്ങു മാറി നിന്നാമതി. പാറയൊക്കെ പൊട്ടിച്ചും കാടെല്ലാം വെട്ടിത്തെളിച്ചും അണക്കെട്ട് കെട്ടിയ ചരിത്രം ആണ് കെ.എസ്‌.സി.ബി.ക്കുള്ളത്.” യൂദാസും വിട്ടില്ല.


“യൂദാനെയിങ്ങു കയറ്റിവിട്... അവനിപ്പോ കെ.എസ്‌.സി.ബി.യിലാണ് പണി. കയറ്റിയില്ലെങ്കില്‍ അവന്‍ ഫൈനടിക്കും.” കര്‍ത്താവു രണ്ടാം നിലയിലെ ബാല്‍ക്കെണിയില്‍ നിന്നു പത്രോസിനോട് വിളിച്ചു പറഞ്ഞു.


പത്രോസിനെ നോക്കി ഒരു ആക്കിയ ചിരി പാസാക്കിയ ശേഷം യൂദാസ് ഇരുമ്പ് ഗേറ്റ് കടന്നുവന്നു.


“ഗുരോ, സ്വസ്തി തരാന്‍ ഒന്നും ടൈമില്ല... കറണ്ടിന്‍റെ കുടിശിക അങ്ങു തീര്‍ത്തു തന്നാല്‍ ഞാന്‍ അങ്ങു പോയേക്കാം.” യൂദാസ് ഉദേശം വ്യക്തമാക്കി.


“അതൊക്കെ അങ്ങു കേരളത്തില്‍ പിരിച്ചാല്‍ പോരേ യൂദാ. സ്വര്‍ഗത്തിലും വേണോ കറണ്ട് ബില്ല്?”


“പിന്നെ സ്വര്‍ഗത്തിലെ കറണ്ട് ബില്‍ പിരിക്കാന്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ കെ.എസ്‌.സി.ബി.ക്കു അല്ലാതെ വേറെ ആര്‍ക്കാണ് അവകാശം!!”


യൂദായുടെ ലോജിക്കല്‍ ആന്‍സറിങ്ങില്‍ കര്‍ത്താവിന്‍റെ മറുപടി മുട്ടി.


“കണക്കു പറഞ്ഞാല്‍ “വെളിച്ചം ഉണ്ടാവട്ടെ” എന്നു പറഞ്ഞ ഒന്നാം ദിവസം മുതല്‍ ലൈറ്റ് ഇട്ടതിന്‍റെ കുടിശിക ഒണ്ടു. പിന്നെ ഞാന്‍ ഒന്നു ഇടപെട്ടു കെ.എസ്‌.സി.ബി. ആരംഭിച്ച വര്ഷം മുതല്‍ ഉള്ളതാക്കി കുറച്ചിട്ടുണ്ട്.” യൂദാ തന്‍റെ ഗുരുഭക്തി പ്രകടമാക്കി.


“നീ എന്നോട് കണക്ക് പറയണ്ട... ഒരു പത്തു വെള്ളിക്കാശിന്‍റെ കണക്കു എനിക് ഇപ്പോളും ഓര്‍മ്മയുണ്ട്.” കര്‍ത്താവും കൗണ്ടര്‍ അടിച്ചു.


“പത്തു വെള്ളിക്കാശ് എവിടെ കുടിശിക എവിടെ... കുടിശിക അടച്ചില്ലെങ്ങില്‍ സ്വര്‍ഗം ജപ്തി ചെയ്യേണ്ടി വരും ഗുരോ. കാശ് ഓഫീസില്‍ അടച്ചാല്‍ മതി... നാളേം കറണ്ട് വേണ്ടതല്ലേ.”


“യൂദാ, നാളയെക്കുറിച്ച്‌ ആകുലപ്പെടേണ്ട... ആകാശത്തിലെ പറവകളെ നോക്കൂ...” കര്‍ത്താവു മുഴുമിക്കും മുന്നേ യൂദാ ഇടപെട്ടു.


“പറവകള്‍ മാത്രം അല്ല, കേരളത്തിലെ മനുഷ്യരും വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, പക്ഷേ ശേഖരിക്കുന്നത് കിട്ടിയാലേ കെ.എസ്‌.സി.ബി നടന്നു പോകൂ, കറണ്ടു കാണൂ.” യൂദാ അമ്പിനും വില്ലിനും അടുക്കുന്നില്ല.


“മനുഷ്യന്‍ കറണ്ട് കൊണ്ടു മാത്രം അല്ല ജീവിക്കുന്നത് യൂദാ...” കര്‍ത്താവു വീണ്ടും പറഞ്ഞു നോക്കി.


“ഗുരോ, ദൈവത്തിനു ഒള്ളത് ദൈവത്തിനും, കെ.എസ്‌.സി.ബി.ക്കു ഒള്ളത് കെ.എസ്‌.സി.ബി.ക്കും തന്നേരെ.” യൂദാ വീണ്ടും ഗോള്‍ അടിച്ചു.


“അപ്പോള്‍ ഞാന്‍ പോയേക്കുവാണ് ഗുരോ... വീണ്ടും കാണാന്‍ പറ്റിയതില്‍ സന്തോഷം... ഇനിയും കാണാം, കണ്ടില്ലേല്‍ ഫൈനും തരാം... കാശ് ഓഫീസില്‍ അടച്ചാല്‍ മതി... സ്വസ്തി.” യൂദാസ് ഇരുമ്പ് ഗേറ്റിലൂടെ സ്ഥലം വിട്ടു.


കറണ്ട് ബില്ലിലെ തുക കണ്ടു കര്‍ത്താവ് “വെളിച്ചം ദു:ഖമാണുണ്ണീ, തമസല്ലോ സുഖപ്രദം” എന്നുറക്കെ   പാടി.



ശുഭം.

No comments:

Post a Comment