May 12, 2016

അച്ഛേ ദിന്‍






“ലൈഫിലെ ഏറ്റവും വലിയ ദുഃഖം പ്രേമം ചീറ്റി പോകുന്നതാണ് എന്നു പറയുന്നവര്‍ ലൈഫിലെ ശരിക്കുമുള്ള കഷ്ടപാടുകള്‍ അറിഞ്ഞിട്ടില്ല.” ഇങ്ങനെ ഡയലോഗ് അടിക്കുന്നോമ്മാരാണ് ഏറ്റവും വലിയ മണ്ടന്മാര്‍.
അവന്മാരൊന്നും ശരിക്ക് പ്രേമിച്ചിട്ടില്ല. ഏതു കഷ്ടപാടിനും ദുരന്തത്തിനും ഇടയിലും പ്രത്യാശയുടെ ഹോപ്പ് തരുന്ന സാമാനം ആണ് പ്രേമം.

ഇത്രേം കാലത്തിനിടെ ഞാന്‍ തന്നെ എത്ര സങ്കീര്‍ണ്ണമായ പ്രോബ്ലംസ്സിക്കൂടെ പോയേക്കുന്നു. ഹോംവര്‍ക്ക് ചെയ്യാത്തപ്പോ കണക്കു സര്‍ തരുന്ന പെടകള്‍, നീയൊന്നും നന്നാവില്ല എന്നു പറഞ്ഞു ചൊരിയുന്ന ആദരണീയമായ ഗുരുത്വം, ഇവനെപ്പോലെ ഒരു മണ്ടനെ ഞാന്‍ കണ്ടിട്ടില്ല എന്നു പറഞ്ഞു ക്ലാസ്സിന്റെ മുന്നിലിട്ടൊള്ള നാറ്റിക്കല്‍... നാറ്റിക്കല്‍ അല്ല, ഇംഗ്ലീഷ് ടീച്ചര്‍ പറയുന്ന ഒരു വാക്ക് ഒണ്ടല്ലോ, ഹ്യുമിലിയേഷന്‍, അതാണ് വേഡ്.... ഇത്രേ ഒക്കെ കിട്ടിയാല്‍ ആരാണേലും സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞപോലെ ആത്മഹത്യ ഒരു താല്‍ക്കാലിക പരിഹാരം ആണെന്ന് ചിന്തിച്ചു പോകും. ഇവടെ ആണ് മുന്നേ പറഞ്ഞ ഹോപ്പിന്‍റെ സ്കോപ്പ്.

നായകനെ ഏറ്റവും നീളം ഒള്ള ചൂരലിന് തല്ലാന്‍ ഒരുങ്ങുന്ന മാഷ്, അതു കാണാന്‍ പറ്റാതെ കണ്ണു മുറുക്കെ അടക്കുന്ന നായിക, അടികിട്ടി കഴിയുമ്പോ വേദന ഉള്ളില്‍ ഒതുക്കി, ഇതൊക്കെ എന്തു എന്ന ഭാവത്തില്‍ നില്‍ക്കുന്ന നായകന്‍, ആരാധനയോടെ നോക്കുന്ന സഹപാഠികള്‍, നായകന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന നായിക, പിഞ്ചു മനസിലെ ആദ്യാനുരാഗം... നിങ്ങള്‍ ഓര്‍ക്കും ഇതൊക്കെയാണ് ഞാന്‍ മുന്നേ പറഞ്ഞേന്നു. ഇതു മൂവി അല്ല ബ്രോ, പച്ചയായ ലൈഫാണ്. അവിടാണ് പച്ചയായ പ്രേമത്തിന്‍റെ സ്കോപ്പ്.

ഫസ്റ്റ് സീന്‍ അതു തന്നെ, മാഷ് മുട്ടന്‍ ചൂരലിന് തല്ലുന്നു. ബാക്കി സീന്‍ കോണ്‍ട്രാ ആണ്. എന്‍റെ വിശാലമായ പരിചയസമ്പത്തില്‍ നിന്നു പറയുവാ, അടി കിട്ടിയാല്‍ വിശാലമായി കാറണം, എന്നാലെ അടിക്കുന്ന സാറിനും, കാണുന്ന തെണ്ടി കൂട്ടുകാര്‍ക്കും ഒരു ഇതൊള്ളൂ,.. ഇംഗ്ലീഷ് ടീച്ചര്‍ പറയണ സാധനം ഇല്ലേ, സാറ്റിസ്ഫാക്ഷന്‍.

അങ്ങനെ ഞാന്‍  തിരുമണ്ടാനായി വാഴുന്നകാലത്താണ് ഓള് പുതുതായി ക്ലാസ്സില്‍ ചേരാന്‍ വരുന്നത്, എന്‍റെ റോസ്സൂ.

എന്‍റെ പെണ്ണ് ആയതുകൊണ്ട് പറയുവല്ല, അവളൊരു സംഭവം ആരുന്നു, അല്ല, പ്രസ്ഥാനം ആരുന്നു. എന്‍റെ ബൗധിക നിലവാരത്തെ പബ്ലിക്കായി ആദ്യമായി  വെല്ലുവിളിച്ച ഗജകേസരി, തടിച്ചിപാറു. പീരിയോഡിക് ടേബിളിന്‍റെ കാലൊടിഞ്ഞു പോയെന്നു പറഞ്ഞ മരമണ്ടി... പത്തുവരെ ചൊവ്വേ എണ്ണാന്‍ പോലും അറിയില്ലാത്ത മടുക്കൂസ്.... എനിക്കുവരെ അന്ന് പത്തുവരെ തെറ്റാതെ ചൊല്ലാന്‍ അറിയാം.... ( അതു പഠിച്ചേ കഥ പിന്നെ പറയാം. )

തുടക്കത്തില്‍ ഞങ്ങള്‍ പയങ്കര ഈഗോ ക്ലാഷ് ആര്‍ന്നു... അങ്ങനെ ചാടി കേറി മിണ്ടിയാല്‍ എന്നാ വിചാരിക്കും. എന്നാലും രസം ആരുന്നു. ക്ലാസ്സിലെ തിരുമണ്ടന്‍/മണ്ടി  പൊസിഷനു ഫ്രെണ്ടിലി മാച്ച് ഒക്കെ ഒണ്ടാരുന്നു. പിന്നെ പിന്നെ ഞാന്‍ വിട്ടു കൊടുത്തു.... അതല്ലേ ബ്രോ ഈ സ്നേഹം എന്നു പറയുന്ന സാമാനം. അങ്ങനെ ക്ലോസ് ആയി. അവസാനം തിരുമണ്ടന്‍/മണ്ടി  പൊസിഷന്‍ ഞങ്ങള്‍ പങ്കിട്ടെടുത്തു. അതാണ്‌ ബ്രോ ഈ പ്രേമം.

ഈ പ്രേമം ഒരു പയങ്കര ഫീലിങ്ങാണ്... നമക്ക് ഒടുക്കത്തെ കോണ്ഫിടെന്‍സും സന്തോഷോം ഒക്കെ ആരിക്കും... കൂടെ പയങ്കര ഹോപ്പും. ഈ തിരുമണ്ടിക്ക് സ്കൂളില്‍ പഠിക്കാമെങ്കില്‍ എനിക്കെന്നാ കുഴപ്പോ, അതാര്‍ന്നു ഫീലിംഗ്. ക്ലാസ്സിലെ ബാക്കി ഒള്ളോരോട് ഞങ്ങള്‍ മിണ്ടില്ല. ( പിന്നെ നമ്മളെ മൈന്‍ഡ് ചെയ്യാത്തോരെ നമ്മളെന്തിനാ കൂടെ കൂട്ടെണെ.) ഞങ്ങള്‍ക്ക് ഞങ്ങള്‍ ആരുന്നു ലോകം. ഞാന്‍ റോസൂനെ എനിക് അറിയവുന്നെ എല്ലാം പഠിപ്പിച്ചു. പത്തു കഴിഞ്ഞു എന്താ എന്നു ചോദിച്ച അവള്‍ക്കായി പത്തു മുതല്‍ അമ്പതുവരെ കഷ്ടപ്പെട്ട് പഠിച്ചിട്ടു പഠിപ്പിച്ചു. അതു പഠിപ്പിക്കുമ്പോ അവള് വിസ്മയത്തോടെ നോക്കുന്ന ആ ഫീലിംഗ്, അതാണ് ബ്രോ സന്തോഷം, അച്ഛേ ദിന്‍!.

നല്ല കാര്യങ്ങള്‍ പെട്ടന്നു തീരും, ഐസ് ക്രീം, ചോക്ലേറ്റ്, ക്ലാസ്സ്‌ ടൂര്‍, പൊറോട്ടേം ബീഫും, etc... പ്രേമോം അതുപോലാണ്. അച്ഛേ ദിന്‍ ദേ വന്നു, ദാ പോയി.

ചാണ്ടി. അതാര്‍ന്നു ക്ലാസ്സില്‍ പുതുതായി ചേര്‍ന്ന കോപ്പന്‍റെ പേര്. റോസൂ ഒരു പ്രസ്ഥാനം ആര്ന്നേല്‍ ഇവന്‍ കണ്ട്രി ആര്‍ന്നു, പക്കാ കണ്ട്രി. എന്‍റെ ബൗധിക നിലവാരത്തെ രണ്ടാമതായി വെല്ലുവിളിച്ച കാട്ടുപോത്ത്. അഞ്ചുവരെ നേരെ ചൊല്ലാന്‍ എണ്ണാന്‍ അറിയില്ലാതെ, നിവില്‍ പോളിയുടെ താടിയുമായി, ഒരു ആറടി രണ്ടിഞ്ചു. ഇവനൊക്കെ വല്ല പണിക്കും പൊക്കൂടെ, പത്തിരുപതു വയസ്സും ആയി!

റോസൂനു അവനായി പിന്നെ ലോകം. റോസൂ അവനെ അവള്‍ക്ക്  അറിയവുന്നെ എല്ലാം പഠിപ്പിച്ചു. പത്തു കഴിഞ്ഞു എന്താ എന്നു ചോദിച്ച അവനായി പത്തു മുതല്‍ അമ്പതുവരെ ഞാന്‍ കഷ്ടപ്പെട്ട് പഠിപ്പിച്ചതു പഠിപ്പിച്ചു. അതു പഠിപ്പിക്കുമ്പോ അവന്‍ അവളെ വിസ്മയത്തോടെ നോക്കുന്ന ആ ഫീലിംഗ്, അതു കാണുന്ന എനിക്കുള്ള ഫീലിംഗ്, അതാണ് ബ്രോ മൂഞ്ചല്‍. കണ്ട്രി ചാണ്ടീടെ അച്ഛേ ദിന്‍!.

എന്‍റെ ജീവിതം വഴിമുട്ടി. വഴികാട്ടാന്‍ ഒരുത്തനും വന്നില്ല. അല്ല വന്നു, പത്താം ക്ലാസ്സിലെ കുത്തിവെപ്പിന്‍റെ രൂപത്തില്‍. വാക്സിനേഷന് ചാണ്ടി മാത്രം മുങ്ങി. കാര്യം കാട്ടുപോത്താണങ്കിലും സൂചീന്നു കേട്ടാല്‍ ചാണ്ടിക്ക് പേടിയാണ്.

എന്‍റെ ബള്‍ബ്‌ മിന്നി. ഞാന്‍ എന്നും ചാണ്ടിയുടെ വീട്ടിനു മുന്നേയുള്ള വളഞ്ഞ വഴീലൂടെ സ്കൂളില്‍ വരാന്‍ തുടങ്ങി. ചാണ്ടിയുടെ അമ്മ മറിയാമ്മ ചേടത്തിയോട് എന്നും കുശലം പറയുന്നതിനിടെ, ചാണ്ടിക്കുവേണ്ടി മരുന്നും സൂചിയും സ്പെഷ്യല്‍ ആയി സ്കൂളില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ചു. അങ്ങനെ ചാണ്ടിയുടെ ഭാവി  ക്ലാസ്സ്മുറിക്കുള്ളിലെ നാലു ചുവരുകള്‍ക്കുള്ളില്‍ അടച്ചിടാതിരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ കൃതാര്ത്ഥനാണ്.

എനെക്കെന്‍റെ റോസൂനെ തിരിച്ചു കിട്ടി. ഞങ്ങള്‍ മണ്ടത്തരങ്ങളിലൂടെ ക്ലാസ്സിനെ രസിപ്പിച്ചു. എനിക് കിട്ടുന്ന അടികളുടെ എണ്ണം തുടര്‍ന്നു, അങ്ങനെ ആണ് ഞാന്‍ എണ്ണാന്‍ പഠിച്ചതു തന്നെ. കൃത്യമായി എണ്ണിയില്ലേല്‍ കൂടുതല്‍ റേഷന്‍ തരുന്ന ഉദാരമതികളായ മാഷുമ്മാരായിരുന്നു മൊത്തം.

മലയാളം ടീച്ചറിന്‍റെ അടികള്‍ ഞാന്‍ ധീരതയോടെ റോസൂന്‍റെ മുന്നില്‍ ഏറ്റുവാങ്ങി. ശ്രേഷ്ഠ ഭാഷ മലയാളത്തിനുവേണ്ടി ഞാന്‍ മേടിച്ച അടികള്‍ കൈയ്യില്‍ തടിച്ചു ചുവന്നു വന്നപ്പോള്‍, എനിക്ക് ശൌര്യ ചക്ര കിട്ടിയപോലെ റോസു വിസ്മയത്തോടെ നോക്കി.

ഇംഗ്ലീഷ് സാറിന്‍റെ അടികളായിരുന്നു ഭീകരം. അതു താങ്ങുന്നവന് കീര്‍ത്തി ചക്രതന്നെ കൊടുക്കണം. അല്ലെങ്കിലും സായിപ്പിന്‍റെ ഭാഷയ്ക്കുവേണ്ടി  പീഡനം ഏല്ക്കുന്നത്‌ ദേശസ്നേഹം ഒള്ള ആരും ചെയ്യുന്ന പരുപാടി അല്ല, ഒരു ദിവസം ഞാന്‍ കൈ വലിച്ചു. വരാന്തയിലൂടെ പോയ ഹിന്ദി സാര്‍ജിയും അതു കണ്ടു. രണ്ടുപേരുംകൂടി എനിക് ഒരു അശോക ചക്രതന്നെ സമ്മാനിച്ചു. സാധാരണ മരണാന്തര ബഹുമതിയായി കൊടുക്കുന്ന അതു ജീവനോടെ ലഭിച്ചത് എന്‍റെ സ്കൂള്‍ ജീവിതത്തിലെ നിര്‍ണായക നാഴിക കല്ലുകളില്‍ ഒന്നായിരുന്നു. ഹിന്ദി, ഇംഗ്ലീഷ് എന്നൊക്കെ കേട്ടാല്‍ “തിളക്കണം ചോര ഞരമ്പുകളില്‍” എന്ന പദ്യശകലത്തിന്‍റെ അര്‍ത്ഥം എനിക് വ്യക്തമായി മനസിലായി.

എന്നാലും ഞാന്‍ ഹാപ്പി ആരുന്നു, ഞങ്ങള്‍ ഹാപ്പി ആരുന്നു. ഞങ്ങള്‍ക്ക് ഞങ്ങള്‍ ആരുന്നു ലോകം. അച്ഛേ ദിന്‍ പിന്നേം വന്നു.

ചാണ്ടിക്കും അച്ഛേ ദിന്‍ വന്നു. അവന്‍ തൊഴിലുറപ്പിനു പോയി കാശുകാരന്‍ ആയി... സ്ഥലത്തെ പ്രധാന തൊഴില്‍ ഉറപ്പീരുകാരന്‍ ആയി. കണ്ടാല്‍ മൈന്‍ഡ് ഇല്ലാത്ത തെണ്ടി. എന്‍റെ ഓപ്പറേഷന്‍ ഇഞ്ചക്ഷന്‍ വഴി ആണ് അവന്‍ പഠിപ്പു നിര്‍ത്തി ജോലിക്ക് പോയതെന്നും, കിട്ടുന്ന നോക്കുകൂലി എണ്ണാന്‍ പഠിച്ചത് ഞാന്‍ കാരണം ആണന്നും അവനു അറിയുമോ!.. അല്ലെങ്കിലും ലോകം നന്ദികെട്ട ഒരിടം ആണ്!. എന്നാലും എനിക് ഹോപ്പ് ഉണ്ട്.... എല്ലാം ശരിയാകും.
ലാല്‍ സലാം.



**********************************************



Learning: Precedence: Bharat Ratna > Param Vir ChakraAshoka Chakra.

No comments:

Post a Comment