Aug 20, 2016

പ്രീമിയര്‍ ലീഗ്






ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം, പാവമാമെന്നെ നീ കാക്കുമാറാകണം
പത്തുമണിയുടെ ബെല്ലടിച്ചു, മലയാളം വാധ്യാര്‍ തുടങ്ങി
ഹാ പുഷ്പമേ നീയെന്തു പണിയാണീ ചെയ്തത്, എന്തിനു പോയധികതുംഗപദത്തില്‍ ശോഭിച്ചു നീ
ഇനിയധികമായ് ഇമ്പോസിഷന്‍ എഴുതണം നൂറെണ്ണം, ഇതിനും മാത്രം എന്തു വിരോധം നമ്മള്‍ തമ്മില്‍
“മലയാളം മാഷ് പുതിയ കാറുവാങ്ങി, ഇമ്പോസിഷന്‍ പേപ്പര്‍ വിറ്റ കാശുംകൊണ്ട്”
വാസ്തവമില്ലാതില്ലന്നു തോന്നുന്നു, ചങ്ങാതി ചെവിയിലടക്കം പറഞ്ഞതില്‍
ഞാന്‍തന്നെ ഒരു ചെറു നാനോ വാങ്ങാന്‍ മാത്രം, എത്രയധികം എഴുതിക്കൊടുത്തു കാണും

* * * * * * * * * * *

ഭിന്നസംഖ്യകളുടെ ലസാഗു ഉസാഘ, ഗണിതമുണ്ടാക്കിയവനെ ആദ്യം ഹരിക്കണം
ആനന്ദമജ്ഞാതമവര്‍ണ്ണനീയം, കണക്കു ടീച്ചര്‍ പൊക്കുന്ന മാര്‍ഗ്ഗം
ലാസ്റ്റ്‌ബഞ്ചില്‍ തലകുനിച്ചുറങ്ങും അപ്പു, ഹോം വര്‍ക്ക് ചെയ്യാതെ പെടയെത്ര കൊണ്ടു

* * * * * * * * * * *

“ഹിന്ദി ഹമാര രാഷ്ട്രഭാഷാ ഹേ”, ഹിന്ദി വാധ്യാരും തുടങ്ങി
“മേഹൂം തുംഹോ ആപ്പ്ഹേ” കലാപരിപാടികള്‍, “ജീ സാബ്‌, ജീ സാബ്‌” മൂളിക്കേട്ടു

* * * * * * * * * * *

ശോശാമ്മ ടീച്ചര്‍ക്ക് പനിയാണ്, ഹാവൂ! ദൈവം ഉണ്ടെന്നു തെളിഞ്ഞു
ഹോം വര്‍ക്ക് ചെയ്തുവന്ന പഠിപ്പിസ്റ്റുകളെ കളിയാക്കി-യമ്മോ രുക്മണി ടീച്ചര്‍ പകരം ദാ വരുന്നു!
ഇതിലുംഭേദം ലോകമഹായുദ്ധമായിരുന്നു ദൈവമേ, കുഞ്ഞുപൈതങ്ങളോടീ ചതി ചെയ്തുവല്ലോ !

* * * * * * * * * * *

അവസാദമായാലും ആഗ്നേയമായാലും, കല്ലു കല്ലല്ലേ ടീച്ചര്‍!
ചിറാപുഞ്ചിയില്‍ മഴയെന്നും പെയ്താലും, ഷാജഹാന്‍ മുംതാസ്സിനു സൗധം പണിതാലും
ഇവിടെന്തു വ്യത്യാസം ടീച്ചര്‍മാരേ!
മീനച്ചില്‍ ആറ്റില്‍ വെള്ളം നിറഞ്ഞാലേ, നമ്മുടെ കലക്ടര്‍ ബ്രോ അവധി തരൂ
ഏഴിലെ ഗായത്രി പുഞ്ചിരിച്ചാലേ, അപ്പുവിന്‍ നെഞ്ചില്‍ താജ്മഹല്‍ വിരിയൂ

* * * * * * * * * * *

പീരിഡുകള്‍ അങ്ങനെ കടന്നു പോകുന്നു, ലാസ്റ്റ് ഡ്രില്‍ പീരിഡ് മാത്രം എത്തുന്നില്ല
“ടീച്ചറോട് ചോദിയ്ക്കാന്‍ ഞാന്‍ പോവില്ല, ചെറിയ മഴയുണ്ട്” ലീഡര്‍ മൊഴിഞ്ഞു
“പ്രീമിയര്‍ ലീഗ് വരെ മഴയത്തു കളിക്കുന്നു, ഇങ്ങനെയാണോ ക്ലാസ്സ്‌ ലീഡര്‍മാര്
അയ്യേ! ചോദിയ്ക്കാന്‍ പേടിയായിട്ടാണ്”, ലീഡറെ തിരികേറ്റി പറഞ്ഞുവിട്ടു
പോയതിലും വേഗത്തില്‍ തിരിച്ചു വരുന്നുണ്ട്, “കിട്ടിയോ? കിട്ടിയോ?” “ഇപ്പൊ കിട്ടും”
ഹെഡ് മാസ്റ്റര്‍ ചൂരലുമായ് അതാ വന്നെത്തി, ക്ലാസ്സ്‌ റൂം ശ്മശാന മൂകമായി
“ആര്‍ക്കാനിവിടെ മഴയത്തു പ്രീമിയര്‍ ലീഗ് കളിക്കേണ്ടത്?”, ഉത്തരമില്ലാ ചോദ്യം ക്ലാസ്സില്‍ ഏറെ നേരം മുഴങ്ങിനിന്നു
ക്ലാസ്സ്‌ ലീഡര്‍ ഒളികണ്ണിട്ടു നോക്കി, ഉള്ളം കിടുകിടെ വിറച്ചു
ചോദ്യകര്‍ത്താവു മടങ്ങി, നാലുമണിയുടെ നീളന്‍ മണി മുഴങ്ങി
ശ്മശാന മൂകത വിലാപമായി, ചിറാപുഞ്ചിയില്‍ ജനിക്കാത്തത് മഹാഭാഗ്യമായി.


* * * * * * * * * * *


ഗുണപാഠം: “ഹാ കഷ്ടം!  ഇന്‍ഡോര്‍ സ്റ്റേഡിയം ഇല്ലാത്ത സ്കൂളുകള്‍
എത്രകാലം മഴനോക്കി ഇരിക്കും കുരുന്നുകള്‍.”



No comments:

Post a Comment